എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തക ദയാബായിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ദയാബായി എതിര്‍ത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇന്ന് നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായിരുന്നു. കാസര്‍കോട് ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെങ്കിലും ഒന്നില്‍ വിദഗ്ധ ചികിത്സാസൗകര്യമൊരുക്കുക, ഇരകളായ മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതിനായി പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തുക, കാസര്‍കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് നഗര പ്രദേശങ്ങളില്‍ പുനരധിവാസ കേന്ദ്രം പകല്‍ വീടുകള്‍ ആരംഭിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പെടുത്തുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെകൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.