X

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാ ന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈകിയ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു സര്‍ക്കാരിനും ഇരകളെ അവഗണിക്കാന്‍ കഴിയില്ലെന്നും ഇരകള്‍ക്ക് നല്‍കുന്ന ചികിത്സാസഹായം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ചീഫ് സെക്രട്ടറി വി.പി ജോയിയോട് കോടതി നിര്‍ദേശിച്ചു. 2017 ജനുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ എല്ലാവര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. എത്ര ഇരകള്‍ ഇതിനിടയില്‍ മരിച്ചിരിക്കാം എന്ന് കോടതി ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു.

ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 200 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ അല്ല, മറിച്ച് ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരം എത്തേണ്ടത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ എട്ട് പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 3417 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത ഉള്ളതെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് ലഭിച്ച ശേഷം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് നഷ്ടപരിഹാരത്തിന് പണം അനുവദിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെയുള്ള ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്നത് ദുഃഖകരമാണ്. ഈ അവസ്ഥ എന്തിന് സൃഷ്ടിക്കുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു. നിലവില്‍ പാലിയേറ്റിവ് ചികിത്സക്കായി തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ട അവസ്ഥ ആണെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. എന്‍. രവീന്ദ്രനും അഭിഭാഷകന്‍ പി. എസ്. സുധീറും വാദിച്ചു. കാസര്‍കോട്ട് ടാറ്റ ആരംഭിച്ച ആശുപത്രി അടച്ചുപൂട്ടാന്‍ പോകുകയാണെന്നും ഇരകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

അടച്ചുപൂട്ടുകയാണെങ്കില്‍ സര്‍ക്കാരിന് ആശുപത്രി ഏറ്റെടുത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ നല്‍കിക്കൂടേയെന്ന് കോടതി ആരാഞ്ഞു. ചീഫ് സെക്രട്ടറിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ച എട്ട് ഇരകള്‍ക്ക് കോടതി ചെലവുകള്‍ക്കായി അര ലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2017 ലെ ഉത്തരവ് നടപ്പാക്കുന്നു എന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണം. ഇതിനായി എല്ലാ മാസവും അവലോകനയോഗം വിളിച്ചു ചേര്‍ക്കണം.

ചീഫ് സെക്രട്ടറിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ജൂലൈ മൂന്നാം വാരം പരിഗണിക്കാനായി മാറ്റി. അതിന് മുമ്പ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യണം.

Test User: