എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സുപ്രീം കോടതി ഉത്തരവു പ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതായി ആരോപണം. ദുരിതബാധിതരുടെ ലിസ്റ്റും മെഡിക്കല്‍ രേഖകളുമെല്ലാം കൈയിലുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു വീണ്ടും അപേക്ഷിപ്പിച്ചും ഓണ്‍ലൈന്‍ അപേക്ഷ വേണമെന്ന് മാറ്റിപ്പറഞ്ഞും ദുരിതബാധിതരെ വട്ടംകറക്കുന്നതായും നടപടി വൈകിപ്പിക്കുന്നതായും ആക്ഷേപം.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഏറ്റവുമൊടുവില്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഇടംപിടിച്ച മുഴുവന്‍ പേര്‍ക്കും അഞ്ചു ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടത്. സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരിതബാധിതരായ എട്ടുപേര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. അഞ്ചു ലക്ഷം രൂപ വീതം നാലാഴ്ചക്കകം നല്‍കാനായിരുന്നു നിര്‍ദേശം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ അവസാനത്തില്‍ അടിയന്തര നഷ്ടപരിഹാരമായി 200 കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലാത്ത 3714 പേര്‍ക്കാണ് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടത്. ഘട്ടംഘട്ടമായി പണം അനുവദിക്കുന്ന മുറയ്ക്ക് നല്‍കാന്‍ 750 പേരുടെ പട്ടിക അടിയന്തരമായി മന്ത്രി എം.വി. ഗോവിന്ദന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ എന്‍ഡോസള്‍ഫാന്‍ സെല്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും വിമുഖത കാട്ടി.
വട്ടംകറക്കരുത്, പ്ലീസ്
അര്‍ഹതാ ലിസ്റ്റിലുള്ളവര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിട്ടും സാങ്കേതികത്വം പറഞ്ഞ് വട്ടംകറക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരത്തിന് കാറ്റഗറി തിരിച്ച് ലിസ്റ്റ് ചെയ്യേണ്ടതില്ലെന്നിരിക്കെ രോഗവിവരങ്ങളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ട് കലക്റ്ററേറ്റിലേക്കും വില്ലേജ് ഓഫീസിലേക്കും പറഞ്ഞയച്ച് കളിപ്പിക്കുകയാണ്. നിലവില്‍ നൂറുപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശമെന്നാണ് ഒടുവില്‍ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. കലക്റ്ററേറ്റില്‍ നേരിട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കിയ ദുരിത ബാധിതര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതില്ലെന്നിരിക്കെ ചില ഉദ്യോഗസ്ഥര്‍ കനിവുകെട്ട നടപടി സ്വീകരിക്കുന്നതായാണ് പരാതി ഉയരുന്നത്.
സുപ്രീം കോടതി
3 തവണ ഇടപെട്ടു
മൂന്നു തവണയാണ് വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടത്. 2017ല്‍ ജനുവരിയിലും നാലു അമ്മമാരുടെ പരാതിയില്‍ 2019ലും അര്‍ഹര്‍, അനര്‍ഹര്‍ എന്ന സര്‍ക്കാര്‍ വാദം തള്ളി മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരത്തിന് സുപ്രീം കോടതി വിധിക്കുകയായിരുന്നു. 2010ല്‍ മനുഷ്യാവകാശ കമ്മീഷനും നഷ്ടപരിഹാരം സംബന്ധിച്ച് ഉത്തരവിറക്കി. എന്നിട്ടും തീരാദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടിയില്ലാതായതിനെ തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നല്‍കിയ ഹര്‍ജിയിലാണ് 2022 ഏപ്രില്‍ എട്ടിന് നാലാഴ്ചക്കകം മാനദണ്ഡമൊന്നുമില്ലാതെ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചത്. ഉത്തരവ് പ്രകാരം നഷ്ടപരിഹാരമായി 200 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. കോടതി നിര്‍ദേശിച്ച നാലാഴ്ച കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും 458 പേര്‍ക്കാണ് നഷ്ടപരിഹാരത്തുക നല്‍കിയത്.