X

നാഥനില്ലാതെ എന്‍ഡോസള്‍ഫാന്‍ സെല്‍; ഒന്നര വര്‍ഷമായിട്ടും യോഗം ചേര്‍ന്നില്ല

ശരീഫ് കരിപ്പൊടി
കാസര്‍കോട്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരാതികള്‍ പരിഹരിക്കാനുമുള്ള എന്‍ഡോസള്‍ഫാന്‍ പുരധിവാസ പരിഹാര സെല്‍ യോഗം ചേര്‍ന്നിട്ട് ഒന്നര വര്‍ഷം. മൂന്നുവര്‍ഷത്തോളമായി ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ കേമ്പും നടന്നിട്ടില്ല. 2020 ഒക്ടോബറിലാണ് സെല്ലിന്റെ യോഗം ഏറ്റവുമൊടുവില്‍ നടന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഇത്രയായിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം നാഥനില്ലാ കളരിയായിരിക്കുകയാണ് സെല്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു സെല്‍ ചെയര്‍മാന്‍. മന്ത്രി ചെയര്‍മാനായിരുന്ന അവസാന കാലത്തും കോവിഡിന്റെ പേരില്‍ യോഗം ചേര്‍ന്നില്ല. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനോ യോഗം ചേരാനോ നടപടിയുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയിലും സെല്‍ പുനസംഘടന സംബന്ധിച്ച് സംസാരമുണ്ടായില്ല.

ജില്ലയുടെ ചുമതലയുള്ള മന്ത്രി ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായാണ് എന്‍ഡോസള്‍ഫാന്‍ പുരധിവാസ പരിഹാര സെല്‍. ജില്ലയിലെ അഞ്ചു എം.എല്‍.എമാരും ജില്ലാപഞ്ചായത്ത് പ്രസിഡന്റും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള പതിനൊന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി ഭാരവാഹികളും ഉള്‍പ്പെടുന്നതാണ് സെല്‍ കമ്മിറ്റി. സെല്‍ പ്രവര്‍ത്തനം അവതാളത്തിലായതില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സമിതി പുനസംഘടിപ്പിക്കാന്‍ കലക്റ്റര്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.

നിലവില്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന 6727 ദുരിതബാധിതരില്‍ അനര്‍ഹരുണ്ടെന്ന റിപ്പോര്‍ട്ട് 2020 ജൂലൈയില്‍ ജില്ലാ കലക്ടര്‍ സാമൂഹിക നീതി വകുപ്പിനു കൈമാറിയിരുന്നു. 2019ല്‍ ദുരിതബാധിതരെ കണ്ടെത്താന്‍ നടത്തിയ കേമ്പില്‍ നിന്നെടുത്ത അര്‍ഹരുടെ ലിസ്റ്റ് ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 2016ല്‍ 3000 പേരില്‍ 40 പേരെ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എന്‍ഡോസള്‍ഫാന്‍ പുതിയ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ കേമ്പ്, പട്ടികയില്‍ നേരത്തെ ഉള്‍പ്പെട്ടവര്‍ക്ക് സുപ്രിം കോടതി വിധിപ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കല്‍, ചികിത്സ പദ്ധതികള്‍ എന്നിവ പാതിവഴിയിലാണ്.

Test User: