കീവ്: ഫെബ്രുവരി 24 ന് മോസ്‌കോ സമയം പുലര്‍ച്ചെ 5.30 ന് യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ ‘പ്രത്യേക സൈനിക ഓപ്പറേഷന്‍’ പ്രഖ്യാപിച്ച ശേഷം തുടങ്ങിയ യുദ്ധം നൂറു ദിനം പിന്നിട്ടു. യുക്രെയ്‌നിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ വ്യോമ, കര, കടല്‍ മാര്‍ഗം നടത്തിയ സൈനിക നുഴഞ്ഞു കയറ്റം ഇപ്പോഴും ശക്തമായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നൂറു ദിവസങ്ങളിലും മുഴങ്ങുന്നത് വ്യോമാക്രമണ സൈറണുകളാണ്. മുന്നറയിപ്പില്ലാതെ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി ഒരു രാജ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. മാസങ്ങളായി പല മേഖലകളും ഇരുട്ടിലാണ്.
കാല്‍നട യാത്രപോലും യുക്രെയ്‌നില്‍ സാധ്യമാകാത്ത സാഹചര്യം. കഴിഞ്ഞ നൂറു ദിനം ദശലക്ഷങ്ങളുടെ ജീവിതചര്യ തന്നെ മാറ്റിമറിക്കുന്നതായി. നൂറു ദിവസം പിന്നിടുമ്പോഴും യുദ്ധം ഉടനെ അവസാനിക്കുന്നതിന്റെ സൂചനയൊന്നുമില്ല. രാജ്യത്തിന്റെ അഞ്ചിലൊന്ന് റഷ്യ പിടിച്ചെന്നു സമ്മതിക്കുന്ന യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി, റഷ്യ പിടിച്ച പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്നും അവകാശപ്പെട്ടു. പോരാട്ടം തുടരുകയാണെന്നും അദ്ദേഹം പറയുന്നു. യുഎസും ജര്‍മനിയും വാഗ്ദാനം ചെയ്തു റോക്കറ്റ്, റഡാര്‍ സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടതും പോരാട്ടം കടുപ്പിക്കാനാണ്. കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലയില്‍ സിവീയറോഡോനെസ്റ്റ്‌സ്‌ക് നഗരം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ റഷ്യ കനത്ത ആക്രമണം തുടരുകയാണ്. സമീപത്തുള്ള ലൈസിഷാന്‍സ്‌ക് കേന്ദ്രമാക്കി യുക്രെയ്ന്‍ ചെറുത്തുനില്‍പ് ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോണെറ്റ്‌സ്‌ക് മേഖലയിലെ ഇരട്ടനഗരങ്ങളായ ക്രമറ്റോര്‍സ്‌കും സ്ലൊവ്യാന്‍സ്‌കും പിടിച്ചു വടക്കോട്ടു മുന്നേറാന്‍ റഷ്യ മിസൈല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലേക്ക് റഷ്യ 15 ക്രൂസ് മിസൈലുകള്‍ അയച്ച് വന്‍ നാശമുണ്ടാക്കിയതായി വാര്‍ത്തകളുണ്ട്.