വര്‍ത്തമാനകാലത്ത് കേരളം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായിമാറിക്കഴിഞ്ഞു പ്രണയംമൂലമുള്ള കൊലപാതകങ്ങള്‍. പ്രണയ നൈരാശ്യംകൊണ്ടോ നിഷേധത്താലോ പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ എത്രയോ മലയാളികള്‍ അനുഭവിച്ചറിഞ്ഞതാണ്. കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഓര്‍മയില്‍നിന്നു മറയും മുമ്പാണ് തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ കൊല്ലപ്പെടുന്നത്. കണ്ണൂരില്‍ പ്രണയം നിരസിച്ചതിനെതുടര്‍ന്ന് നിരാശനായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പാറശാലയില്‍ യുവാവിനെ ഒഴിവാക്കാന്‍ യുവതി കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ വരെ കൊല്ലുന്ന അമ്മമാരുടെ നാട് കൂടിയായി മാറിയിട്ടുണ്ട് കേരളം. നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കൊലപാതക കാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രണയത്തിനുള്ളത്.
തനിക്ക് സുഖിച്ചു കഴിയണമെന്നും അതിന് തടസമാകുന്ന എന്തിനേയും എന്തു വില കൊടുത്തും ഇല്ലാതാക്കുക എന്ന ചിന്താഗതിയുള്ള ഒരു വിഭാഗം യുവജനത വളര്‍ന്നുവരുന്നതായാണ് സമീപകാല സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. സമൂഹത്തിലെ നിയമങ്ങളെക്കുറിച്ചോ മറ്റുള്ളവര്‍ എന്തു കരുതുമെന്നതിനെക്കുറിച്ചോ ഒന്നും ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരെ കൊല്ലുന്നതിനും ഉപദ്രവിക്കുന്നതിനും ഇവര്‍ക്കൊരു മടിയുമുണ്ടാകില്ല. മിക്കപ്പോഴും വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെയായിരിക്കും ഇത്തരം ക്രൂര പ്രവര്‍ത്തി. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് മകളെയും അച്ഛനെയും അമ്മയെയും കണ്ണൂര്‍ പിണറായി സ്വദേശി വണ്ണത്താംകണ്ടി സൗമ്യ കൊലപ്പെടുത്തിയത്. ജയിലില്‍ കഴിയവേ ഇവര്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. കേരളം ഞെട്ടിയ കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ഇപ്പോള്‍ വിചാരണ നേരിടുകയാണ്. മനുഷ്യന്റെ മാനസികവും വൈകാരികവുമായ സവിശേഷതയാണ് ഒരാളെ അദമ്യമായി പ്രണയിക്കുന്നതിലേക്കും അതിയായി വെറുക്കുക എന്ന വികാരത്തിലേക്കും എത്തിക്കുന്നത്.
നവ മാധ്യമങ്ങളുടെ കടന്നുവരവ് പ്രണയ ദുരന്തങ്ങളില്‍ വലിയ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. നവ മാധ്യമങ്ങളിലൂടെയുള്ള പ്രണയങ്ങളില്‍ അധികവും അവസാനിക്കുന്നത് ചതിയിലോ ആത്മഹത്യയിലോ കൊലപാതകങ്ങളിലോ ആണ്. പരസ്പരം കാണാതെയും അറിയാതെയുമുള്ള പ്രണയങ്ങള്‍ അപകടം വിളിച്ചുവരുത്തുന്നതാണ്. ഇത്തരം അപകടങ്ങള്‍ കാത്തിരിക്കുന്നത് പെണ്‍കുട്ടികളെ മാത്രമല്ല എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. പുതിയ കാലത്ത് പ്രണയത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നുവെന്നതാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന സൂചന. ആത്മ വിശ്വാസം കുറഞ്ഞ സമൂഹത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് നിരന്തരം വരുന്ന വാര്‍ത്തകളും കൊലപാതകങ്ങള്‍ പോലുള്ള സംഭവങ്ങള്‍ സിനിമകളില്‍ അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നതും കുറ്റവാളികളെ നന്നായി സ്വാധീനിക്കാറുണ്ട്. വിരല്‍തുമ്പില്‍ ലഭിക്കുന്ന സാങ്കേതിക വിവരങ്ങളും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
നേരത്തെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആളുകളല്ല പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ പ്രതികളായിവരുന്നത്. അവരെങ്ങനെ ഇത്തരമൊരു കുറ്റകൃത്യത്തിലേക്കെത്തുന്നുവെന്ന് കണ്ടെത്തണം. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യകുലം നിലനില്‍ക്കുന്നത്. മറ്റുള്ളവരുടെ താല്‍പര്യംകൂടി സംരക്ഷിച്ച് കൂട്ടായി പ്രവര്‍ത്തിക്കുന്ന പ്രകൃതമാണവന്. മനുഷ്യകുലത്തിന്റെ ഏറ്റവും മനോഹരമായ വശമാണിത്. ഈയൊരവസ്ഥയില്‍ നിന്ന് ഓരോ വ്യക്തികളിലേക്കു ചുരുങ്ങിപ്പോകുന്നതിലേക്ക് അവന്‍ എത്തിപ്പെടുകയും സാമൂഹികജീവി എന്ന അവസ്ഥ മറന്ന് തന്റെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി ആരെയും ഇല്ലാതാക്കാമെന്ന ചിന്താഗതിയിലേക്ക് വന്നണയുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പാറശാലയിലേത് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാകട്ടെയെന്ന് പ്രതീക്ഷിക്കാനേ നിര്‍വാഹമുള്ളൂ.