X

എം.എസ്.എഫ് നേതാക്കളെ വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക: മുസ്‌ലിം യൂത്ത് ലീഗ്

മലപ്പുറം: യൂണിവേഴ്സിറ്റി കാമ്പസില്‍ എസ്.എഫ്.ഐ നടത്തുന്ന ഫാസിസവം അവസാനിപ്പിക്കണമെന്നും ഇതിന് ഒത്താശ ചെയ്യുന്ന പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. എംഎസ്എഫിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്ത പൊലീസ് എസ്എഫ്ഐ ആക്രമത്തെ തടയാനെത്തിയ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്ത് ജയിലിലടച്ചിരിക്കുകയാണ്. ഈ ഇരട്ട നീതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് മുസ്ലിം യൂത്ത് ലീഗ് കടക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുലത്തീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യ പടിയായി കൊണ്ടോട്ടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലേക്ക് 23ന് മുസ്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന മാര്‍ച്ചില്‍ മുസ്ലിംലീഗ്, യൂത്ത്ലീഗ്, എംഎസ്എഫ് നേതാക്കള്‍ പങ്കെടുക്കും. യൂണിവേഴ്സിറ്റി യൂണിയന്റെ ഉദ്ഘാടനത്തിന്റെ തലേ ദിവസം ഉദ്ഘാടനവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ക്യാമ്പസില്‍ എത്തിയ യൂണിയന്‍ ഓഫീസ് സെക്രട്ടറി സാജിദ് അലിയെ പത്തോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതി ക്രൂരമായി മര്‍ദ്ദിക്കുകയും അവശനാക്കുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കാത്ത പൊലീസ് ഇതിനെതിരെ പ്രതിഷേധിക്കാനെത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിനാണ് കള്ളക്കേസ് എടുത്തിരിക്കന്നത്. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജില്ലാ കമ്മിറ്റി അംഗം അര്‍ഷദ് തറയിട്ടാല്‍ എന്നിവരെ ജയിലിലടച്ചിരിക്കുകയാണ്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് അടക്കമുള്ള ഭാരവാഹികളുടെ പേരിലും കള്ളക്കേസ്സുകള്‍ എടുത്തു. പുലര്‍ച്ചെ മൂന്ന് മണിക്കും 4 മണിക്കുമൊക്കെ ഇവരുടെ വീടുകളിലെത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രായം ചെന്ന മാതാപിതാക്കളോട് പോലും പൊലീസ് ക്രൂരമായി പെരുമാറുകയാണ്. അയല്‍ വീടുകളിലും ബന്ധുവീടുകളിലും വരെ പൊലീസ് എത്തുന്നു. ഭീകര വാദികളോടെന്നപോലെയാണ് പൊലീസ് എം.എസ്.എഫ് ഭാരവാഹികളോട് പെറുമാറുന്നത്. സെനറ്റ് മെമ്പര്‍ റഹീസിന്റെ വീട്ടില്‍ പൊലീസ് എത്തുന്നത് പുലര്‍ച്ചെ നാല് മണിക്കാണ്. പിറകിലെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം മുന്‍വാതിലിന് ചവിട്ടി. ശബ്ദവും ആക്രോശവും കേട്ട് ഞെട്ടിയുണര്‍ന്ന് വാതില്‍ തുറന്ന വീട്ടുകാരെ തള്ളി മാറ്റി പൊലീസ് അകത്തേക്ക് കയറി. അയല്‍വക്കത്തെത്തി അവരെയും ഭീഷണിപ്പെടുത്തി.

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കബീറിനെ പിടിച്ചത് അങ്ങാടിയില്‍ വെച്ച് ഭീകരവാദികളെ പിടികൂടുന്ന പോലെയാണ്. അര്‍ദ്ധരാത്രി വീടുവളഞ്ഞാണ് അര്‍ഷദിനെ കസ്റ്റഡിയിലെടുക്കുന്നത്. നീതി നടപ്പിലാക്കേണ്ടവര്‍ ഗുണ്ടകളായി മാറുകയാണ്. അത് ഇവിടെ നടക്കില്ല. ഈ പണി തുടരാമെന്ന് പോലീസ് കരുതേണ്ട. ഈ തീക്കളി പൊലീസ് അവസാനിപ്പിക്കണം. കാമ്പസിലെ എസ്.എഫ്.ഐ ക്രിമിസിനലിസം അവസാനിപ്പിക്കണം. ഇതിന് തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. ഈ പൊലീസ് വേട്ട ഇനിയും തുടര്‍ന്നാല്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് ലീഗിന്റെ സമരം വ്യാപിപ്പിക്കും. അത് ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല.

അതിനാല്‍, രാഷ്ട്രീയ ഏമാന്‍മാരെ പ്രീതിപ്പെടുത്തി പൊലീസ് സേനയുടെ അന്തസ്സ് കളയാനുള്ള ശ്രമം ഉപേക്ഷിക്കണം. ഓരോ ഉദ്യോഗസ്ഥനേയും പച്ചക്ക് തുറന്ന് കാട്ടുന്നതടക്കമുള്ള സമര പരിപാടികളുമായി യൂത്ത് ലീഗ് തെരുവിലിറങ്ങും. അത് കൊണ്ട്, ഈ നിമിഷം തൊട്ട് ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ പൊലീസ് തയ്യാറാകണം. ഇല്ലെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരമെന്നും യൂത്ത് ലീഗ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. യൂണിവേഴ്സിറ്റി കാമ്പസും ഹോസ്റ്റലും എക്കാലവും എസ് എഫ് ഐയുടെ ക്രിമിനല്‍ താവളമാണ്. ഇതിന് സംരക്ഷണം നല്‍കുകയാണ് പൊലീസ്. യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എസ് എഫ്.ഐ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പലതരത്തിലുള്ള അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പെലീസ് നീതി കാണച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. ട്രഷറര്‍ ബാവ വിസപ്പടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സന്‍ ആലംഗീര്‍ എന്നിവര്‍ സംബന്ധിച്ചു.

 

webdesk13: