X

അരുംകൊലകള്‍ക്ക് എന്നാണറുതി- എഡിറ്റോറിയല്‍

അമൂല്യമാണ് മനുഷ്യജീവന്‍. പക്ഷേ ജീവനും അതിന്റെ നിലനില്‍പിനുവേണ്ട പരസ്പരസ്‌നേഹത്തിനും കാരുണ്യത്തിനുമെല്ലാം തൃണത്തിന്റെ വില പോലുമില്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നാണ് അനുദിനം ശ്രവിച്ചുകൊണ്ടിരിക്കുന്ന അരുംകൊലകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. പ്രതിദിനം രണ്ടു കൊലപാതക വാര്‍ത്തകളെങ്കിലും കേള്‍ക്കാതെ മലയാളിക്ക് അന്തിയുറങ്ങാനാവില്ലെന്ന് വന്നിരിക്കുന്നു. ഏറെ പ്രബുദ്ധരും വിദ്യാസമ്പന്നരുമെന്ന് അഭിമാനിക്കുമ്പോഴാണ് ഇതെല്ലാം. കഴിഞ്ഞദിവസം ഇടുക്കി ജില്ലയില്‍നിന്ന് കേട്ട കൂട്ടക്കൊലയുടെ വാര്‍ത്ത ഓരോ മനുഷ്യനെയും അമ്പരിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. തൊടുപുഴ ചീനിക്കുഴിയില്‍ വയോവൃദ്ധനായ പിതാവ് സ്വന്തം ചോരയുടെ ഭാഗമായ രണ്ടു പേരമക്കളെയടക്കം നാലു പേരെ തീയിട്ടുകൊന്ന സംഭവം അതിദാരുണമെന്ന് മാത്രം പറഞ്ഞാല്‍ മതിയാകില്ല. പ്രായാധിക്യത്താല്‍ ശാരീരിക വിഷമതകളും മാനസിക പിരിമുറുക്കങ്ങളും അനുഭവിക്കുന്നഘട്ടത്തില്‍ മക്കളുടെയും ഇതര ബന്ധുക്കളുടെയും പരിലാളനയില്‍ കഴിയേണ്ട വയോധികനാണ് സ്വന്തം മകനെയും മരുമകളെയും അവരുടെ രണ്ടു പെണ്‍മക്കളെയും അതിനിഷ്ഠൂരമാംവിധം കൊലപ്പെടുത്തിയത്. ഇതിനുപിന്നിലെ കാരണങ്ങളെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെങ്കിലും ലഭ്യമായ വിവരങ്ങളനുസരിച്ച് പിതാവ് ഹമീദ് കടുത്ത മാനിസക വൈകൃതമുള്ളയാളാണെന്നാണ് മനസ്സിലാകുന്നത്. മകന്റെ പേരില്‍ എഴുതിനല്‍കിയ സ്വന്തം ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെടുകയും അതിന് തയ്യാറാകാത്തതിനാല്‍ മകനെയും മറ്റും തീയിട്ടു കൊല്ലുകയുമായിരുന്നു. ഇതില്‍ കൊല്ലപ്പെട്ട നിരപരാധികളായ പിഞ്ചു മക്കളെന്തുപിഴച്ചു? ഇതിന് ഹമീദിനെ പ്രേരിപ്പിച്ചത് മറ്റെന്തൊക്കെ കാരണങ്ങളാണെങ്കില്‍ അവയും ഇതിലൂടെ പുറത്തുവരേണ്ടതുണ്ട്. ഇതേദിവസംതന്നെ കൊടുങ്ങല്ലൂര്‍ ഏറിയാട്ട് അന്യന്റെ ഭാര്യയായ യുവതിയെ വെട്ടിക്കൊന്ന സംഭവവുമുണ്ടായി. വസ്ത്ര സ്ഥാപനത്തിലെ മുന്‍ജീവനക്കാരനാണ് പ്രതിയെന്നാണ് കേസ്.

ഏതാനും വര്‍ഷം മുമ്പ് അടുത്ത മുറിയില്‍ കിടന്നിരുന്ന മക്കളെ തീവെച്ചുകൊന്ന സംഭവം ആലുവയിലുണ്ടായി. വീട്ടിലെ വൈദ്യുതി നിരക്ക് കൂടുന്നതായിരുന്നു കാരണമത്രെ. എത്ര ഉപദേശിച്ചിട്ടും എ.സി ഉപയോഗം കുറയ്്ക്കാന്‍ മക്കള്‍ തയ്യാറാകാതിരുന്നതായിരുന്നു കാരണം. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാര്‍ച്ച് ഏഴിന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിന് കാരണവും സ്വത്തിനെയും പണത്തെയും ചൊല്ലിയുള്ള തര്‍ക്കമായിരുന്നു. തൃശൂര്‍ ജില്ലയിലും റിയല്‍എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കത്തിന്റെ പേരില്‍ സഹോദരന വെടിവെച്ചുകൊന്ന സംഭവമുണ്ടായി. 2001ല്‍ ആറു പേരെയാണ് ആലുവയില്‍ ഒരു വ്യക്തി കൊലപ്പെടുത്തിയതെങ്കില്‍ 2018ല്‍ കോഴിക്കോട്ട് കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയതും കുട്ടിയുള്‍പ്പെടെ അത്രയും പേരെയാണ്. തൊടുപുഴയില്‍ പെട്രോള്‍ നിറച്ചകുപ്പി മകനും ഭാര്യയും കുട്ടികളും കിടന്ന മുറിയിലേക്ക് വലിച്ചെറിഞ്ഞ് തീവെക്കുകയായിരുന്നുവെന്നാണ് ഹമീദ് സമ്മതിച്ചിരിക്കുന്നത്. തെളിവെടുപ്പിനിടെ കൂസലില്ലാതെയാണ് 79കാരന്‍ ഇതെല്ലാം പറഞ്ഞുകൊടുത്തത് എന്നത് കൊലപാതകത്തേക്കാള്‍ അലോസരപ്പെടുത്തേണ്ട ഒന്നാണ്. കൊലപാതകവും ആയുധമെടുക്കലുമൊന്നും സാധാരണ മാനസിക നിലവാരമുള്ള വ്യക്തിക്ക് ചേര്‍ന്നതല്ല. മനുഷ്യമനസ്സുകള്‍ എന്തുകൊണ്ട് ഇത്ര മരവിച്ചുപോകുന്നുവെന്നതിനെക്കുറിച്ച് വലിയതോതിലുള്ള ഗവേഷണങ്ങള്‍ ഇനിയും വേണമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. നടുറോഡിലിട്ട് എതിര്‍രാഷ്ട്രീയക്കാരെ വെട്ടിത്തുണ്ടമാക്കുന്ന സംഭവങ്ങളും വടക്കേ ഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലപാതകങ്ങളും അവയെ ന്യായീകരിക്കുന്ന ഭരണാധികാരികളുമുള്ളപ്പോള്‍ ഇത് ആവര്‍ത്തിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.

പുതിയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം പ്രതിമാസം 48 കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കുന്നുവെന്നത് കൈരളിക്ക് ഒട്ടും ഭൂഷണമില്ല. ഇതില്‍ മിക്കതും സ്വത്തു തര്‍ക്കത്തിന്റെ പേരിലാണത്രെ. കോവിഡ് തീര്‍ത്ത പ്രതിസന്ധി കാലത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചതിന് കാരണം കുടുംബങ്ങളിലെ അസ്വാരസ്യങ്ങളാണ്. പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ചുവരുന്ന മനുഷ്യന് വീടിന്റെ അകത്തളത്തിലെങ്കിലും സാന്ത്വനം കിട്ടുമെന്ന് വിചാരിച്ചാല്‍ തെറ്റില്ല. അതുണ്ടായില്ലെങ്കില്‍ പ്രതികരിക്കുന്നത് സ്വാഭാവികംമാത്രം. എന്നാല്‍ അത് നിന്ദ്യമായ കൊലപാതകങ്ങളിലേക്ക് എത്തുന്നിടത്താണ് നമ്മുടെയെല്ലാം പോക്കെങ്ങോട്ടാണെന്ന ചോദ്യമുയരുന്നത്. ചീനിക്കുഴിയില്‍ കൊല്ലപ്പെട്ട അയല്‍വാസികളും കൂട്ടുകാരനുമായ ഫൈസലിനുവേണ്ടി രാഹുല്‍ എന്ന യുവാവ് നടത്തിയ ഭഗീരഥയത്‌നം ഈ കെട്ടകാലത്തും വലിയ പ്രത്യാശക്ക് വകനല്‍കുന്നത് മാത്രമാണ് ഏക ആശ്വാസം. ‘എന്റെ വീട്ടില്‍ ദിവസവും കളിക്കാനെത്തുന്ന കുട്ടികളാണ്’ മരണമടഞ്ഞതെന്ന കണ്ണീര്‍വാര്‍ത്തുകൊണ്ടുള്ള രാഹുലിന്റെ വാക്കുകള്‍ കരളലിയിക്കാത്തവരായി ആരുണ്ട്? ആദ്യ ഭാര്യ മരണമടഞ്ഞശേഷം ആരോടും അധികം അടുക്കാതെ ഒതുങ്ങിക്കൂടിക്കഴിയുകയായിരുന്നു ഹമീദ്. ഹമീദിന്റെ മറ്റൊരു മകനും കഴിഞ്ഞദിവസം പിതാവിനെതിരെ സംസാരിക്കുകയുണ്ടായി. തന്നെയും പിതാവ് കൊല്ലുമായിരുന്നുവെന്നാണ് ഇയാളും പറയുന്നത്. ഇത്തരം കൊലപാതകങ്ങളില്‍ അധികവും ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഏറെ ഖേദകരം. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 16418 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളില്‍മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതിനുമുന്നിലെ വര്‍ഷത്തേക്കാള്‍ രണ്ടായിരത്തോളം കുറവ്. 2019ലും 15000ത്തോളമായിരുന്നു നിരക്ക്. സംസ്ഥാനത്ത് 2021ല്‍ 337 കൊലപാതകങ്ങള്‍ നടന്നതായാണ് കേരള പൊലീസിന്റെ കണക്ക്. വധശ്രമമാകട്ടെ 669ഉം. ബലാല്‍സംഗങ്ങള്‍ 2318. 4269 മാനഭംഗവും. മൊത്തം 1,45,495 ക്രിമിനല്‍ കേസുകള്‍ 2021ല്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും അധികം വരും. നിയമമുണ്ടായാല്‍ മാത്രം പോരാ, അത് യഥോചിതം നടപ്പാക്കുകയും മനുഷ്യരില്‍ ധാര്‍മികമൂല്യങ്ങള്‍ ഉറപ്പാക്കുകയുമാണ് ഇതിനെല്ലാം വേണ്ടത്. അതിനാര് മുന്‍കൈയെടുക്കുമെന്നതാണ് ഇന്നിന്റെ ചോദ്യം.

Test User: