ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ത് നാഗ്, ഷോപിയാന്‍ ജില്ലകളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു കമാന്‍ഡര്‍ ഉള്‍പ്പെട്ടെ എട്ട് ഭീകരരും രണ്ട് സിവിലിയന്‍മാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികരാണ് കൊല്ലപ്പെട്ടത്. ഏഴ് ഭീകരന്‍മാരെയാണ് ഷോപിയാനില്‍ സൈന്യം വധിച്ചത്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടത് അനന്ത്‌നാഗിലാണ്. ഇവര്‍ ഹിസ്ബുള്‍ മുജാഹിദീനിലും ലശ്കറെ ത്വയ്ബയിലും ഉള്‍പ്പെട്ടവരാണ്.
സുബൈര്‍ അഹമ്മദ്, ഇസ്ഹാഖ് അഹമ്മദ് മാലിക്, യാവര്‍ ഇട്ടു, നാസിം അഹമ്മദ്, ആദില്‍ അഹമ്മദ്, ഉബൈദ് അഹമ്മദ്, റിയാസ് അഹമ്മദ് എന്നിവരാണ് ഷോപിയാനില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ഇരുപത്തിരണ്ടുകാരനായ ലഫ്. ഉമ്മര്‍ ഫയസിനെ കൊലപ്പെടുത്തിയ സംഘത്തില്‍ പെട്ടവരാണ്.
ശനിയാഴ്ച രാത്രി മൂന്ന് സ്ഥലങ്ങളിലും ഒരുമിച്ചാണ് സൈന്യം ഓപ്പറേഷന്‍ തുടങ്ങിയത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ്, സൈന്യം എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.