Categories: MoreViews

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു ജവാന് കൂടി വീരമൃത്യു

 

ഭീകരര്‍ ജമ്മുവിലെ കരസേനാ ക്യാംപില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ എണ്ണം ആറായി. കുടുംബങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നുപേരെ സൈന്യം വധിച്ചിരുന്നു. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ജമ്മു പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തില്‍ കനത്ത ആയുധശേഖരവുമായി ഭീകരര്‍ ഇരച്ചുകയറിയത്. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലമാണ് ഇവരെ തുരത്താന്‍ വൈകിയത്. മൂന്നാമത്തെ ഭീകരനെയും വകവരുത്തിയതോടെ സൈനിക നടപടികള്‍ അവസാനിപ്പിച്ചിരുന്നു.

അതേസമയം, കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണുണ്ടായി. റായ്പുരിലെ ദൊമാനയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ശ്രീനഗറിലെ കരണ്‍നഗറിലെ സിആര്‍പിഎഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ വെടിവയ്പില്‍ ഇന്നലെ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലരയോടെ സിആര്‍പിഎഫ് 23ാം ബറ്റാലിയന്‍ ആസ്ഥാനത്തെ സൈനികന്‍, എകെ 47 തോക്കുകളുമായി എത്തിയ ഭീകരരെ കണ്ടു. ഇവര്‍ക്കു നേരെ സൈനികന്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഗോള്‍ മാര്‍ക്കറ്റ് പരിസരത്തു വച്ച് ഭീകരര്‍ വെടിവച്ചപ്പോഴാണു ജവാന്‍ കൊല്ലപ്പെട്ടത്. ഇവിടെയും പോരാട്ടം തുടരുകയാണ്

chandrika:
whatsapp
line