ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം കിഴക്കന്‍ ഗൗത്വയില്‍ സിറിയന്‍ സേന നടത്തിയ വന്‍ വ്യോമാക്രണങ്ങളില്‍ നൂറിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള പ്രദേശം തിരിച്ചുപിടിക്കുന്നതിന്റെ മുന്നോടിയായാണ് വ്യോമാക്രമണം നടന്നത്.
20 കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടുമെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. 2013ല്‍ സൈനിക ഉപരോധം തുടങ്ങിയ ശേഷം മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. 24 മണിക്കൂറിനിടെ കിഴക്കന്‍ ഗൗത്വയിലെ ജനവാസ കേന്ദ്രങ്ങളിലെല്ലാം സിറിയന്‍ സേന ബോംബ് വര്‍ഷിച്ചു. അടുത്തതായി സൈന്യം പ്രദേശത്തേക്ക് ഇരച്ചുകയറാനുള്ള തയാറെടുപ്പിലാണ്. ജനവാസ കേന്ദ്രത്തില്‍ കണ്ടതിനുനേരെയെല്ലാം പോര്‍വിമാനങ്ങള്‍ തീ തുപ്പുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഡോക്ടര്‍ പറഞ്ഞു. നഗരത്തിലെ ആസ്പത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്യാവശ്യ മരുന്നുകളെല്ലാം തീര്‍ന്നുതുടങ്ങിയിട്ടുണ്ട്. വ്യോമാക്രമണത്തോടൊപ്പം കനത്ത ഷെല്‍വര്‍ഷവുമുണ്ടായി.
മിനുട്ടില്‍ മുപ്പതോളം ഷെല്ലുകള്‍ പതിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദമസ്‌കസിനു സമീപം വിമത നിയന്ത്രണത്തിലുള്ള അവസാന പ്രദേശമാണ് കിഴക്കന്‍ ഗൗത്വ. നാലുലക്ഷത്തോളം പേര്‍ താമസിക്കുന്ന പ്രദേശം 2013 മുതല്‍ കടുത്ത ഉപരോധത്തിലാണ്. കിഴക്കന്‍ ഗൗത്വയിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മേഖലാ കോഓര്‍ഡിനേറ്റര്‍ പാനോസ് മോംസിസ് പറഞ്ഞു. നഗരവാസികള്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളിലും ഭൂഗര്‍ഭ ബങ്കറുകളിലും കുട്ടികളോടൊപ്പം അഭയം തേടേണ്ടിവന്നു. സാധാരണക്കാരെ കൊലപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് ഏറെ ഭീകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യോമാക്രമണങ്ങളെ അമേരിക്കയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അപലപിച്ചു. അന്താരാഷ്ട്ര മൗനമാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.