മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണം ഊര്‍ജ്ജിതപ്പെടുത്താന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട പ്രത്യേക ഓണ്‍ലൈന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ രാഷ്ട്രീയം ഏറെ വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് ഡല്‍ഹിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഒരു ആസ്ഥാന മന്ദിരം ഉയരുന്നത്. ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ഓരോ പ്രവര്‍ത്തകരും വര്‍ധിത വീര്യത്തോടെ രംഗത്ത് വരണമെന്ന് തങ്ങള്‍ പറഞ്ഞു. ആവേശത്തോടെയാണ് ഈ ദൗത്യം ജനം ഏറ്റെടുക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
ദേശീയ, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, നിരീക്ഷകന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന ഭാരവാഹികളായ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, സി.എ.എം.എ കരീം, സി.പി. സൈതലവി, സി.കെ സുബൈര്‍, ഫൈസല്‍ ബാബു, ടി.പി അഷ്‌റഫലി, പി.എം.എ സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 15,16,17 തിയ്യതികളില്‍ മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഖാഇദെ മില്ലത്ത് സെന്റര്‍ കളക്ഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. 16, 17 തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലെ നേതാക്കള്‍ പ്രാദേശിക തലങ്ങളില്‍ ഫണ്ട് സമാഹരണത്തിന് രംഗത്തിറങ്ങും.