‘എമ്പുരാൻ ഹിറ്റ് ആകുമെന്ന് ഉറപ്പായി; എന്റെ എഫ്.ബി പേജ് അണ്‍ഫോളോ ചെയ്യാന്‍ ആഹ്വാനം നല്‍കിയ ടീംസ് സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്: സംഘ്പരിവാറിനെ പരിഹസിച്ച് സന്ദീപ് വാര്യർ

സംഘ്പരിവാർ രാഷ്ട്രീയത്തിനും ഇ.ഡിക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും രൂക്ഷവിമർശനം നടത്തുന്ന ‘എമ്പുരാൻ’ സിനിമയെക്കുറിച്ച് ഫേസ്ബുക് കുറിപ്പുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്നുവെന്നും ഹിന്ദു വി​രുദ്ധ പ്രചാരണമാണ് ചിത്രം നടത്തുന്നതെന്നും സംഘ്പരിവാർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സിനിമ ബഹിഷ്കരിക്കാനും ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ സഹചര്യത്തിലാണ് സന്ദീപ് വാര്യരുടെ കുറിപ്പ്. സിനിമ ഹിറ്റാകുമെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്. അതിനുള്ള കാരണവും കുറിപ്പിൽ സംഘ്പരിവാറിനെ പരിഹസിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.

‘എമ്പുരാൻ ഹിറ്റ് ആകുമെന്ന് ഉറപ്പായി. എന്താ ഇത്ര ഉറപ്പ്? എന്റെ ഫേസ്ബുക്ക് പേജ് അൺഫോളോ ചെയ്യാൻ ആഹ്വാനം നൽകിയ ടീംസ് സിനിമ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 🤣🤣🤣’ -എന്നായിരുന്നു സന്ദീപിന്റെ കുറിപ്പ്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപിനെതിരെ സോഷ്യ​ൽമീഡിയയിൽ ബി.ജെ.പിക്കാർ വ്യാപക ‘അൺഫോളോ’ കാമ്പയിൻ നടത്തിയിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിൽ സന്ദീപിന്റെ ഫോളോവേഴ്സിൽനിന്ന് അമ്പതിനായിരത്തിലേറെ പേർ പിൻമാറുകയും ചെയ്തിരുന്നു. മൂന്നര ലക്ഷത്തിലേറെ ഉണ്ടായിരുന്ന ഫോളോവേഴ്സ് മൂന്ന് ലക്ഷമായാണ് ചുരുങ്ങിയത്. എന്നാൽ, പിന്നീട് കോൺഗ്രസ്, ലീഗ് പ്രവർത്തകർ തിരിച്ചടിച്ചതോടെ നിലവിൽ 3.62 ലക്ഷം പേരാണ് പേജ് പിന്തുടരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എംപുരാൻ ഹിറ്റ് ആകുമെന്ന് ഉറപ്പായി. എന്താ ഇത്ര ഉറപ്പ്? എൻ്റെ ഫേസ്ബുക്ക് പേജ് അൺഫോളോ ചെയ്യാൻ ആഹ്വാനം നൽകിയ ടീംസ് സിനിമ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 🤣🤣🤣

അതേസമയം എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായാണ് രംഗത്തുള്ളത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ.

നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എമ്പുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റേയും തിരക്കഥാകൃത്ത് മുരളീ​ഗോപിയുടേയും പോസ്റ്റുകൾക്കും താഴെയും അധിക്ഷേപ- ഭീഷണി പരാമർശങ്ങളുണ്ട്. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ‘താങ്ക്യൂ ഓള്‍’ എന്ന പൃഥ്വിരാജിന്റെയും മോഹൻലാലിന്റേയും ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം. ‘രാജപ്പനും മോഹൻലാലും അണിയറ പ്രവർത്തകരും ഭാരതത്തിലെ ഹൈന്ദവരുടെ ക്ഷമയെയും സഹനശക്തിയെയും വീണ്ടും പരീക്ഷിക്കുകയാണ്’ എന്നാണ് ഒരാളുടെ കമന്റ്. ‘ജിഹാദികളുടെ പണത്തിന് കീഴെ പറക്കുന്ന കടലാസ് പരുന്തായി മോഹൻലാൽ എങ്ങനെ മാറി എന്നത് ചിന്തിക്കേണ്ട വിഷയമാണ്, ജിഹാദികളേ ഓർക്കുക; നിങ്ങൾ നരകത്തിലെ വിറക് കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞിരിക്കുന്നത്’- കമന്റിൽ പറയുന്നു.

‘മിസ്റ്റർ മോഹൻലാൽ, അണ്ണാ അണ്ണാ എന്നു തന്നെ അല്ലേ ഞങ്ങൾ വിളിച്ചത്. അല്ലാതെ താങ്കളുടെ എമ്പുരാനിൽ ഹിന്ദു പാർട്ടി പ്രവർത്തകനെ അവതരിപ്പിച്ച സുരാജ് പറഞ്ഞ പോലെ അക്ഷരം മാറ്റി ഒന്നും അല്ലാലോ വിളിച്ചത്. അപ്പോൾ കുറച്ച് മര്യാദ ഒക്കെ കാണിക്കാം.. ഇല്ലെങ്കിൽ അണ്ണൻ ചുരുണ്ട് വീട്ടിൽ ഇരിക്കും. സഹിക്കുന്നതിനും പൊറുക്കുന്നതിനും ഒക്കെ ഒരു പരിധി ഉണ്ട്. ഞങ്ങളെ ചതിക്കാൻ താങ്കൾക്ക് പരിധി ഇല്ല എന്നറിയാം.. ബട്ട്‌ ഞങ്ങക്ക് വ്യക്തമായ പരിധി ഉണ്ട്. അത് മറക്കരുത്. കേരളത്തിൽ കാവി രാഷ്ട്രീയം വരാതെ ഇരിക്കാൻ രായപ്പന് കാരണങ്ങൾ ഉണ്ട്. താങ്കൾക്ക് എന്ത് ഉപദ്രവം ആണ് കാവി രാഷ്ട്രീയം ഉണ്ടാക്കിയത് എന്നൂടെ പറഞ്ഞാൽ ഞങ്ങൾ സുല്ലും പറഞ്ഞ് ഒതുങ്ങി പോകാമായിരുന്നു’- എന്നാണ് മറ്റൊരാളുടെ ഭീഷണി നിറഞ്ഞ കമന്റ്.

പൃഥ്വിരാജിനെ അൽസുഡു എന്നുവിളിച്ചാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. ‘അൽസുഡുവിൻ്റെ ആടുജീവിതം തുടങ്ങുന്നത് ഹലാൽ ഫ്ലാറ്റിൻ്റെ പരസ്യത്തിലൂടെയാണ്. പിന്നെ സിനിമയിൽ ഉയർന്നു വരാൻ ഒരേസമയം മട്ടാഞ്ചേരി മാഫിയയുടേയും ഏട്ടൻ്റേയും ഒപ്പം നടന്നു. പിന്നെപ്പിന്നെ ജിഹാദി ഫണ്ടിറക്കി ചെയ്തതെന്ന് സംശയിക്കപ്പെടുന്ന നിരവധി സിനിമകളുടെ ഭാഗമായി. രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ വരെ പരിഹസിക്കുന്ന ജനഗണമന പോലുള്ള സിനിമകൾ ചെയ്ത് സുഡാപ്പികളെ നിരന്തരം സന്തോഷിപ്പിച്ചു. ഗോധ്ര മറച്ചുവെച്ച് ഗുജറാത്ത് കലാപവും രാഷ്ട്രീയവും കുത്തിക്കലർത്തി.

സുഡുക്കളും കമ്മികളും കൊങ്ങികളും ഏട്ടൻ്റെ ആരാധകരും സിനിമ കാണാൻ എത്തുമെന്ന് അൽസുഡു പ്രതീക്ഷിക്കുന്നു. “ആഗ്രഹം നല്ലതാണ്, പക്ഷെ നിൻ്റെ തന്തയല്ല എൻ്റെ തന്ത”. മിഷൻ സൗത്ത് ഇന്ത്യക്കാരുടെ ഫണ്ട് വാങ്ങി രാജ്യത്ത് കലാപം സൃഷ്ടിക്കാനും രാജ്യത്തെ വിഭജിക്കാനും ഇറങ്ങിത്തിരിക്കുന്നവർ അന്വേഷണം വരുമ്പോൾ ഇരവാദം മുഴക്കി മോങ്ങരുത്’- എന്നാണ് പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി. അതേസമയം, പൃഥ്വിരാജിന് കൈയടിയും പിന്തുണയുമായി നിരവധി ആരാധകർ രം​ഗത്തെത്തിയിട്ടുണ്ട്. മോഹൻലാലിനേയും അദ്ദേഹത്തിന്റെ ആരാധകരേയും പൃഥ്വിരാജ് വഞ്ചിച്ചു എന്നും ചിലർ ആരോപിക്കുന്നു.

webdesk13:
whatsapp
line