മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ സിനിമയെച്ചൊല്ലി ബിജെപിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം. സെന്‍സര്‍ ബോര്‍ഡിന് നിയമപരമായി പരിമിതികളുണ്ടെന്നും വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ നീക്കാനുള്ള അധികാരം അംഗങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് അംഗം ജി എം മഹേഷ് വ്യക്തമാക്കി. നിയമാവലി പാലിച്ചുകൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയൊള്ളെന്നും സിനിമയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നതിനും നിയന്ത്രണം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ കോര്‍കമ്മിറ്റിയിലടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം ബിജെപി പശ്ചാത്തലമില്ലാത്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു.
ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് കാരണമായത്.