എമ്പുരാന്റെ സെന്‍സറിങ്ങില്‍ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി. കോര്‍ കമ്മിറ്റി യോഗത്തിലാണ് സെന്‍സറിങ്ങിനെതിരെ ബിജെപിയുടെ വിമര്‍ശനം.
ഗോധ്രാ തീപിടുത്തവും അതിനെ തുടര്‍ന്നുള്ള കലാപവും എമ്പുരാനില്‍ ഉള്‍പ്പെട്ടത് സെന്‍സറിങ്ങിലെ വീഴ്ചയാണെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിലെ ബിജെപി വിമര്‍ശനം. തപസ്യ ജനറല്‍ സെക്രട്ടറി ജി.എം മഹേഷ് അടക്കം നാല് പേരാണ് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലുണ്ടായിരുന്ന അംഗങ്ങള്‍. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കി. അതേസമയം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ബിജെപി പശ്ചാത്തലം ഇല്ലെന്നായിരുന്നു പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് തിരികൊളുത്തിയത്.