തൃക്കാക്കര: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങ് വിവാദത്തില്‍. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ ഒരാള്‍ പോലും ഇല്ലാതിരുന്നതാണ് വിവാദത്തിന് കാരണമായത്. നഗരസഭ അങ്കണത്തിലാണ് ചടങ്ങിന്റെ വേദി ഒരുക്കിയത്. സ്‌ക്രീനില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്‌തെങ്കിലും മൈക്ക് ഓപ്പറേറ്റര്‍ ഒഴികെ മറ്റാരും കേള്‍ക്കാനുണ്ടായില്ല. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എല്‍.ഡി.എഫുകാരുള്‍പ്പെടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാധ്യക്ഷന്‍മാരും കൗണ്‍സിലര്‍മാരും മിനിറ്റുകള്‍ക്ക് മുമ്പുവരെ വേദിയിലുണ്ടായിരുന്നുവെന്നാണ് ആരോപണം. ജനകീയാസൂത്രണ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്നതായിരുന്നു ചടങ്ങ്. ആദരവ് ഏറ്റുവാങ്ങിയ ശേഷം ചെയര്‍മാന്‍മാരും പ്രസിഡന്റുമാരും എഴുന്നേറ്റു പോയി. പിന്നാലെ സദസ്സിലുണ്ടായിരുന്നവരും സ്ഥലം വിട്ടു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാതായത്.