ദേശീയതൊഴിലുറപ്പു പദ്ധതി എന്‍ഡിഎ സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി ആരോപിച്ചു. രാജ്യസഭയില്‍ ശൂന്യവേളയിലാണ് സോണിയാഗാന്ധി ഇക്കാര്യം ഉന്നയിച്ചത് . എംജിഎന്‍ആര്‍ഇജിഎ വേതനം പ്രതിദിനം 400 രൂപയായി ഉയര്‍ത്തണമെന്നും പദ്ധതി പ്രകാരം ആളുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ജോലി ദിവസങ്ങളുടെ എണ്ണം നിലവിലുള്ള 100 ല്‍ നിന്ന് 150 ആയി വര്‍ദ്ധിപ്പിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ 2005 ല്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ പ്രകാരമുള്ള തൊഴില്‍ പദ്ധതി ദശലക്ഷക്കണക്കിന് ഗ്രാമീണ ദരിദ്രര്‍ക്ക് നിര്‍ണായക സുരക്ഷാ വലയമായി മാറിയിരിക്കുന്നു. എന്നാല്‍ പദ്ധതിക്കുള്ള വിഹിതം സ്തംഭനാവസ്ഥയില്‍ തുടരുകയാണ്. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുകയാണെങ്കില്‍, ബജറ്റില്‍ അതിനായി അനുവദിച്ച ഫണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 4,000 കോടി രൂപ കുറവാണെന്നും സോണിയ ആരോപിച്ചു. പദ്ധതിക്കായി അനുവദിച്ച ഫണ്ടിന്റെ 20 ശതമാനം കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശികയാണ്. ഇത്തരത്തില്‍ വ്യവസ്ഥാപിതമായി പദ്ധതിയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. കേന്ദ്രം അവതരിപ്പിച്ച ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനവും നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റവും പദ്ധതിയെ സാമ്പത്തിക സഹായത്തിനായി ആശ്രയിച്ചിരുന്നവരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും സോണിയ പറഞ്ഞു.
എംജിഎന്‍ആര്‍ഇജിഎ മാന്യമായ തൊഴിലും സാമ്പത്തിക സുരക്ഷയും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടുന്ന നടപടികള്‍ ഇവയാണ്
– പദ്ധതി നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും മതിയായ ധനസഹായം
– മിനിമം വേതനം: ഏറ്റവും കുറഞ്ഞ ദിവസ വേതനം 400രൂപയാക്കണം
– വേതന വിതരണം സമയബന്ധിതമാക്കണം
– നിര്‍ബന്ധിത ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനവും നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റവും മാറ്റണം
– ഗ്യാരണ്ടീഡ് പ്രവൃത്തി ദിനങ്ങളുടെ എണ്ണം പ്രതിവര്‍ഷം 100 ല്‍ നിന്ന് 150 ആയി വര്‍ദ്ധിപ്പിക്കണം