ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്. അദ്ദേഹത്തോട് സഹാനുഭൂതി കാണിക്കണമെന്നും ആ രീതിയില്‍ കാണണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജബല്‍പൂരില്‍ വി.എച്ച്.പിക്കാര്‍ ക്രൈസ്തവരെ ആക്രമിച്ചതിനെ കുറിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ‘ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതി’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന മറുപടി പറയുകയായിരുന്നു ബ്രിട്ടാസ്. അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു.
‘സുരേഷ് ഗോപി പറയുന്നത് സീരിയസായി എടുക്കരുത്. അദ്ദേഹം പറയുന്നത് എത്ര ലാഘവത്തോടെയാണ് ഞാന്‍ കാണുന്നത്. എന്റെ വീട്ടില്‍ വന്ന് പറയണമെന്ന് അദ്ദേഹം പറയുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹാനുഭൂതിയും സ്‌നേഹവുമേ ഉള്ളൂ. അദ്ദേഹത്തെ ആ രീതിയില്‍ കാണണം. അദ്ദേഹത്തിന്റെ ഓരോ വാക്കും ഗൗരവത്തില്‍ കണ്ട് അതിനനുസരിച്ച് പ്രതികരണം നടത്തേണ്ടതില്ല. ഓരോ വ്യക്തിയോടും നമ്മള്‍ അതിനനുസരിച്ചല്ലേ പെരുമാറേണ്ടത്. അദ്ദേഹത്തിന് പകരം വേറൊരു നേതാവാണ് പറഞ്ഞതെങ്കില്‍ നമ്മള്‍ ഗൗരവത്തോടെ കാണും. സുരേഷ് ഗോപി പറയുന്നതിനെ ബിജെപി പോലും സീരിയസായി എടുക്കുന്നില്ല. കേന്ദ്ര സഹമന്ത്രിയാണ് എന്നത് കറക്റ്റാണ്. എന്നാല്‍, അദ്ദേഹത്തോട് സഹാനുഭൂതിയും എംപതിയും പ്രകടിപ്പിക്കണം. നമ്മുടെ ജനപ്രതിനിധിയും സുഹൃത്തുമായ അദ്ദേഹത്തെ തള്ളിക്കളയരുത്. യുക്തിഭദ്രമായി സംസാരിക്കാന്‍ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകരും സഹായിക്കണം’ -ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘സുരേഷ് ഗോപി ശത്രുവല്ല. രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. കുറച്ചുകൂടി സഭ്യമായ രീതിയില്‍ അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. പക്ഷേ, ഞാന്‍ അദ്ദേഹത്തെ കുറ്റം പറയില്ല. കാരണം, അദ്ദേഹം ദീര്‍ഘകാലം സ്‌ക്രിപ്റ്റ്‌റൈറ്ററുടെ സഹായത്തോടെയാണ് വിരാജിച്ചത്. ഇപ്പോള്‍ അതിന്റെ അഭാവമുണ്ട്. രാഷ്ട്രീയ സ്‌ക്രിപറ്റ് റൈറ്ററെ വെക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്‍കൈയെടുക്കണം. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്’ -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ല. ബിജെപിക്കും അക്കാര്യത്തില്‍ സംശയമുണ്ട്. ‘അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കുറേക്കൂടി സഭ്യത ഉണ്ടാകുന്നത് നല്ലതാണ്. ഞാന്‍ മുന്നയെയും യൂദാസിനെയും കുറിച്ച് രാജ്യസഭയില്‍ പറഞ്ഞപ്പോള്‍ അത് താനാണ് എന്ന് അദ്ദേഹത്തിന് ഒരു ഉള്‍വിളി തോന്നിയിരിക്കാം. സ്വയം തോന്നിയത് കൊണ്ടാണ് അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതികരിച്ചത്. അതുകൊണ്ടായിരിക്കാം സംഭവിച്ചത്. അദ്ദേഹം ഒരു നടനാണല്ലോ എന്തൊക്കെ പറഞ്ഞാലും’ -ബ്രിട്ടാസ് പറഞ്ഞു.