ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ 500 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കില്ലെന്നും രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി പണം അസാധുവാക്കിയ നിലപാടി ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, എല്‍.കെ.അഡ്വാനി തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
അതേസമയം, നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനായി നല്‍കിയ അടിയന്തിര നോട്ടീസിനോട് ബി.ജെ.പി പ്രതികരിച്ചു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതിനായി നാലുദിവസംവരെ നീക്കിവക്കാവുന്നതാണെന്നും ബിജെപി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ബിജെപിയുടെ പ്രതികരണം.
അതിനിടെ, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെച്ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നതായും റിപ്പോര്‍ട്ട്. ശിവസേനയ്ക്കുപിന്നാലെ സഖ്യകക്ഷിയായ അകാലിദളും എതിര്‍പ്പുമായി രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്.