കോപ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് ആണ് അർജന്റീന സെമിയിലേക്ക് മുന്നേറിയത്. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-2ന് ജയിക്കാൻ അർജന്റീനക്ക് ആയി. മെസ്സി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തി എങ്കിലും എമിയുടെ സേവുകള്‍ ആണ് അർജന്റീനയെ രക്ഷിച്ചത്.
ഇന്ന് മത്സരത്തിന്റെ തുടക്കത്തില്‍ ഇക്വഡോർ ആണ് നല്ല അവസരങ്ങള്‍ സൃഷ്ടിച്ചത്. ആദ്യ പകുതിയില്‍ എമി മാർട്ടിനസിന്റെ ഒരു മികച്ച സേവ് ആണ് ഇക്വഡോറിനെ തടഞ്ഞത്. മത്സരത്തില്‍ 35ആം മിനുട്ടില്‍ മെസ്സി എടുത്ത കോർണറില്‍ നിന്ന് അർജന്റീനയുടെ ആദ്യ ഗോള്‍ വന്നു. മെസ്സിയുടെ കോർണർ മകാലിസ്റ്റർ ഫ്ലിക്ക് ചെയ്തു, ഫാർ പോസ്റ്റില്‍ നിന്ന ലിസാൻഡ്രോ മാർട്ടിനസ് ആ പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോർ 1-0.
രണ്ടാം പകുതിയില്‍ 62ആം മിനുട്ടില്‍ ഇക്വഡോറിന് ഒരു പെനാള്‍ട്ടി ലഭിച്ചു. ഹാൻഡ് ബോളിന് ലഭിച്ച പെനാള്‍ട്ടി എടുത്ത ഇന്നർ വലൻസിയക്ക് പക്ഷെ പന്ത് ലക്ഷ്യത്തില്‍ എത്തിക്കാൻ ആയി. വലൻസിയയുടെ കിക്ക് പോസ്റ്റി തട്ടി പുറത്ത് പോയി.
ഇക്വഡോർ ഇതിലും തളർന്നില്ല. അവർ പൊരുതി അവസാന 93ആം മിനുട്ടില്‍ കെവിൻ റോഡ്രിഗസിലൂടെ ഇക്വഡോർ സമനില കണ്ടെത്തി. ഇക്വഡോർ അർഹിച്ച സമനില ആയിരുന്നു ഇത്. ഫൈനല്‍ വിസില്‍ വരെ കളി 1-1 എന്ന് തുടർന്നു. എക്സ്ട്രാ ടൈം ഇല്ലാത്തതിനാല്‍ കളി നേരെ ഷൂട്ടൗട്ടിലേക്ക്.
ലയണല്‍ മെസ്സി ആണ് അർജന്റീനയുടെ ആദ്യ കിക്ക് എടുത്തത്. മെസ്സിയുടെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. പക്ഷെ ഇക്വഡോറിന്റെ ആദ്യ കിക്ക് തടഞ്ഞു കൊണ്ട് എമി മാർട്ടിനസ് അർജന്റീനയുടെ രക്ഷയ്ക്ക് എത്തി. ഹൂലിയൻ ആല്‍വരസ് എടുത്ത അർജന്റീനയുടെ രണ്ടാം കിക്ക് ലക്ഷ്യത്തില്‍. ഇക്വഡോറിന്റെ രണ്ടാം കിക്കും എമി തടഞ്ഞു.
അർജന്റീനയുടെ മൂന്നാം കിക്ക് എടുത്ത മകാലിസ്റ്റർ ലക്ഷ്യം കണ്ടും ഇക്വഡോറും അവരുടെ മൂന്നാം കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. അർജന്റീന 2-1ന് മുന്നില്‍. അടുത്ത കിക്ക് മോണ്ടിനെല്‍ ലക്ഷ്യത്തില്‍ എത്തിച്ചു. കൈസേഡോ ഇക്വഡോറിനായും ഗോളടിച്ചു. സ്കോർ 3-2. അർജന്റീനയുടെ അവസാന കിക്ക് എടുത്ത ഒടമെൻഡി പന്ത് വലയില്‍ എത്തിച്ചതോടെ അർജന്റീന ജയം ഉറപ്പിച്ചു.ഇനി കാനഡയും വെനിസ്വേലയും തമ്മിലുള്ള ക്വാർട്ടർ പോരിലെ വിജയികളെ ആകും അർജന്റീന സെമി ഫൈനലില്‍ നേരിടുക.