ദുബായ്: യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. പുതിയ യാത്രാ നിബന്ധന അനുസരിച്ച് മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരാണെങ്കിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ദുബായ് വിമാനത്താവള വക്താവ് അറിയിച്ചു.
അതേ സമയം ദുബായിയില്‍ താമസ വിസയുള്ളവര്‍ക്കും മുന്‍കൂര്‍ അനുമതി വേണം. ഇതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ അനുമതി വാങ്ങണം.
പുതിയ നിര്‍ദേശം വന്നതോടെ നിരവധി യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനലുകളിലായി കുടുങ്ങി. ഇവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്‍മിനലുകളിലായി ഏകദേശം 280ഓളം പേര്‍ കുടുങ്ങിയതായി ദുബായ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.