X

പ്രശാന്ത് ഭൂഷണെതിരെയുള്ള സുപ്രിംകോടതി വിധി; പിന്തുണയുമായി മുവ്വായിരം പ്രമുഖര്‍

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെതിരെയുള്ള സുപ്രിംകോടതി വിധിയില്‍ പ്രതിഷേധം കനക്കുന്നു. 12 ജഡ്ജിമാര്‍ ഉള്‍പ്പെടെ മുവ്വായിരത്തോളം പേര്‍ പ്രശാന്ത് ഭൂഷന് പിന്തുണയുമായി രംഗത്തെത്തി. പിന്തുണ നല്‍കിയുള്ള ഒപ്പുശേഖരണത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കെതിരായ പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകളിലാണ് സുപ്രിം കോടതി വിധി വന്നത്. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് പറഞ്ഞ സുപ്രീംകോടതി ശിക്ഷ ആഗസ്റ്റ് 20 ന് പുറപ്പെടുവിക്കും.

സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചത് ഓരോ പൗരന്റേയും മൗലികാവകാശമാണെന്ന് പ്രമുഖര്‍ പറഞ്ഞു. ഭരണകൂടത്തിന്റെ അതിക്രമങ്ങളും മൗലികാവകാശ ലംഘനങ്ങളും സംബന്ധിച്ച ഒരു പരിശോധനയെന്ന നിലയില്‍ ഭരണഘടനാപരമായി നിര്‍ബന്ധിത പങ്ക് വഹിക്കാന്‍ ജുഡീഷ്യറി വിമുഖത കാണിക്കുന്നുണ്ടെന്ന പൊതുവായ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകളെന്ന് പിന്തുണ അര്‍പ്പിച്ച് കൊണ്ട് അവര്‍ പറഞ്ഞു. ഒരു മുതിര്‍ന്ന നേതാവില്‍ നിന്നുള്ള ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആത്മപരിശോധന നടത്താനും ശക്തിപ്പെടുത്താനുമുള്ള അവസരമായി ജുഡീഷ്യറി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് റുമാപാല്‍, ബി സുദര്‍ശന്‍ റെഡ്ഢി, ജിഎസ് സിംഗ്‌വി, അഫ്താബ് ആലം, മദന്‍ ബി ലോക്കൂര്‍, ഗോപാല ഗൗഢ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു. സുപ്രീംകോടതിവിധി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ആഗോള മനുഷ്യാവകാശ സംഘടന കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രശാന്ത് ഭൂഷണെതിരെയുള്ള വിധി മരവിപ്പ് ഉണ്ടാക്കുന്നതാണെന്ന് സംഘടന നിര്‍വാഹക സമിതി അംഗങ്ങളായ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ഡല്‍ഹി ഹൈക്കോടതി റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് എ പി ഷാ എന്നിവര്‍ പറഞ്ഞു. ട്വീറ്റുകള്‍ എത്ര അനുചിതമായിരിക്കാം. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് മുകളിലാണ് നിയമത്തിന്റെ മഹിമയും നീതിയുടെ ഭരണവുമെന്നും അവര്‍ പറഞ്ഞു. ക്രിമിനല്‍ മാനനഷ്ടത്തിനും അവഹേളനത്തിനുമുള്ള നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുവികാരത്തിനൊപ്പമാണ് തങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. നീതിനിര്‍വഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഭൂഷന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത വേളയില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ കോടതിയെ അവഹേളിക്കുന്നതിനല്ല അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രശാന്ത് ഭൂഷണ്‍ നിലപാടെടുത്തിരുന്നത്.

 

chandrika: