ഇന്ത്യ സഖ്യം ഇന്ന് അടിയന്തര യോഗം ചേരും. ഖാര്‍ഗെയുടെ വസതിയില്‍ രാത്രി 8 മണിക്കാണ് യോഗം. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചയാകുമെന്നാണ് സൂചന. നേരത്തെ കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സഖ്യം തീരുമാനിച്ചിരുന്നു. രാജ്നാഥ് സിംഗുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളക്കെതിരായി മത്സരിക്കാന്‍ തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ല്‍ അടിയന്തരാവസ്ഥ സമയത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പതിനെട്ടാമത് ലോക്‌സഭയിലാണ് മൂന്നാമതൊരു മത്സരം നടക്കുന്നത്.
നാളെയാണ് ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷരമാല ക്രമത്തില്‍ മഹാരാഷ്ട്ര മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താന്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.