കൊളംബോ: മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധമത കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ നിയന്ത്രണാധീതമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മധ്യശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ ഞായറാഴ്ചയാണ് സംഘര്‍ഷം തുടങ്ങിയത്. മണിക്കൂറുകള്‍ക്കകം ഇത് മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു.
നൂറു കണക്കിന് മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. രണ്ടിടങ്ങളില്‍ മുസ്‌ലിം ആരാധാനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു.
സംഘര്‍ഷത്തെതുടര്‍ന്ന് കാന്‍ഡിയില്‍ ജില്ലാ ഭരണകൂടം തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നൂറു കണക്കിന് സുരക്ഷാ സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു കൊണ്ട് സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെടാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലുകളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി എസ്.പി ദിസ്സനായകെ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
റോഡപകടത്തില്‍ പരിക്കേറ്റ 20കാരനായ യുവാവ് ശനിയാഴ്ച രാത്രി ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വര്‍ഗീയ കലാപത്തിലേക്ക് വഴിമാറിയത്. ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ സിംഹള വിഭാഗക്കാരനായ 47കാരന്‍ മരിച്ചതോടെയാണ് ഇത് ആയുധമാക്കി ബുദ്ധ സന്യാസിമാര്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടിയത്. മേഖലയില്‍ ബുദ്ധമതക്കാര്‍ വ്യാപകമായി ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ബുദ്ധസന്യാസിമാര്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നതായാണ് വിവരം. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവും മരണവും ഉയര്‍ത്തിക്കാട്ടി ബുദ്ധസന്യാസിമാര്‍ തദ്ദേശീയരായ സിംഹള ജനതയെ മുസ്്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ബുദ്ധ സന്യാസിമാരാണ് ജനക്കൂട്ടത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്ന് സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശ്രീലങ്കന്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി റിഷാദ് ബൈത്തുദ്ദീന്‍ പറഞ്ഞു. ഇവരെ അറസ്റ്റു ചെയ്യണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.