X

ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, മാലദ്വീപില്‍ അടിയന്തരാവസ്ഥ

 

മാലെ: മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ കുറ്റമുക്തനാക്കുകയും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് സൈന്യം വളയുകയും രണ്ട് പ്രതിപക്ഷ എംപിമാരുടെ അറസ്റ്റിനും ശേഷമാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ 15 ദിവസത്തേക്ക് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്‍ഷം മുന്നില്‍ കണ്ട് ജാഗ്രത പാലിക്കാന്‍ മാലദ്വീപിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാതെ ജനാധിപത്യ നീക്കങ്ങളെ അടിച്ചമര്‍ത്തി അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യമീന്റെ പുതിയ നീക്കം. സംശയം തോന്നുന്നവരെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് ഭരണകൂടം കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. യമീനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രീംകോടതിയുടെ ഏത് നീക്കത്തെയും ചെറുക്കാന്‍ പട്ടാളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന ഒമ്പത് എംപിമാരെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. യമീന്റെ കസേര തെറിപ്പിക്കുന്ന സുപ്രീംകോടതി വിധി എന്തുവില കൊടുത്തും നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതി വിധി നടപ്പാക്കി രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും നശീദിന് തിരിച്ചുവരാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം ശക്തിയാര്‍ജിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനിലിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമന്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് മേധാവി അഹ്മദ് മുഹമ്മദ് രാജി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് യമീനോടൊപ്പമാണ് സൈന്യമുള്ളത്. രാജ്യത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടില്ലെന്നും ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പാക്കുമെന്നുമാണ് സൈനിക മേധാവിയുടെ നിലപാട്. പുതിയ തെരഞ്ഞെടുപ്പ് നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് യമീന്‍ പറയുന്നു. 2013ല്‍ നശീദിനെ അട്ടിമറിച്ചാണ് യമീന്‍ അധികാരം പിടിച്ചെടുത്തത്. 2015ല്‍ ഭീകരവിരുദ്ധ കുറ്റം ചുമത്തി അറസ്റ്റു ചെയ്‌തെങ്കിലും ചികിത്സക്കുവേണ്ടി രാജ്യംവിട്ട നശീദ് ബ്രിട്ടനില്‍ അഭയം തേടി.

chandrika: