X

ഇമാന്റെ സഹോദരിയും ജീവനക്കാരും തമ്മില്‍ തര്‍ക്കം; ആസ്പത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി

മുംബൈ: ഭാരം കുറക്കാന്‍ ചികിത്സയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദിന്റെ സഹോദരി ഷൈമയും മുംബൈ സെയ്ഫി ആസ്പത്രിയിലെ നേഴ്‌സുമാരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇമാന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ഇമാന് ആഹാരം കൊടുക്കുന്നതുമായുള്ള തര്‍ക്കമാണ് ഇപ്പോള്‍ പോലീസ് സ്‌റ്റേഷന്‍വരെ എത്തിച്ചിരിക്കുന്നത്.

സഹോദരി ഷൈമ നിയമം ലംഘിച്ചുവെന്ന് നേഴ്‌സുമാര്‍ പറയുന്നു. ഇമാന് ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ ഷൈമ വായിലൂടെ ഭക്ഷണവും വെള്ളവും നല്‍കുന്നത് നേഴ്‌സുമാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഷൈമയെ പിന്തിരിപ്പിച്ചുവെങ്കിലും നേഴ്‌സുമാരെ പിടിച്ചു തള്ളി. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ഇമാന് വായിലൂടെ ഭക്ഷണം നല്‍കുന്നത് അപകടകരമാണ്. ഭക്ഷണം ലെന്‍സിലേക്കെത്താന്‍ സാധ്യതയുണ്ടെന്നും മരണത്തിന് പോലും കാരണമാകാമെന്നും ഡോ അപര്‍ണ ഗോവില്‍ ഭാസ്‌കര്‍ പറയുന്നു. ഇമാന് വേണ്ട എല്ലാ പരിചരണങ്ങളും കൃത്യതയോടെ നല്‍കുന്നുണ്ടെന്നും സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടെന്നും അപര്‍ണ ഗോവില്‍ പോലീസിനോട് പറഞ്ഞു.

ശരീര ഭാരം പൂര്‍ണമായും കുറക്കാമെന്ന് വാഗ്ദാനം നടത്തി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇമാന്റെ 262 കിലോ ഭാരം കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും സഹോദരി ഷൈമ ഇതിനെതിരെ രംഗത്തുവന്നു. സ്വതന്ത്രമായി ചലിക്കാനോ ഭക്ഷണം കഴിക്കാനോ ഇമാന് സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കബളിപ്പിക്കുകയാണെന്നും ഷൈമ കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇമാനെ ചികിത്സിച്ചിരുന്ന 12 ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം രാജിവെക്കുകയും ചെയ്തു.

chandrika: