ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമദ് അബ്ദുല്‍ അത്തി(36) അന്തരിച്ചു. അബുദാബിയില്‍ വെച്ചാണ് ഈജിപ്തുകാരിയായ ഇമാന്റെ അന്ത്യം. ഇന്ന് പുലര്‍ച്ചെ നാലെ മുപ്പത്തഞ്ചിനാണ് മരണം സംഭവിച്ചത്.
നേരത്തെ ഇന്ത്യയിലെത്തിയ ഇമാന്‍ മുംബൈയിലെ ആസ്പത്രിയിലാണ് ചികിത്സ തേടിയിരുന്നത്. പിന്നീട് അബുദാബിയിലേക്ക് പോയ ഇമാന്‍ ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള ബര്‍ജീല്‍ ആസ്പത്രിയിലായിരുന്നു ചികിത്സയിലിരുന്നത്. മൂന്ന് സംഘമാണ് ഇമാന്റെ ചികിത്സക്ക് നേതൃത്വം നല്‍കിയിരുന്നത്. 20 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസത്തെ സങ്കീര്‍ണ്ണതയ്ക്ക് പരിഹാരം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇമാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വൃക്ക തകരാറിലായതാണ് ഇമാന്റെ മരണത്തിന് കാരണമായതെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സ പുരോഗമിക്കുകയായിരുന്നു. അതിനിടയില്‍ വൃക്ക തകരാറിലായത് മരണത്തിലേക്ക് നയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അധികൃതര്‍ പറഞ്ഞു. 500കിലോഗ്രാമായിരുന്നു ഇമാന്റെ ഭാരം. മുംബൈയിലെ സാഫി ആസ്പത്രിയില്‍ ഇമാന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു. സഹോദരി രംഗത്തെത്തിയതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇമാനെ അബുദാബിയിലേക്ക് മാറ്റുന്നതിന് കാരണമായത്.