ഏലൂർ മുൻസിപ്പൽ ചെയർമാന്‍റെയും പ്രാദേശിക സിപിഎം നേതാക്കളുടെയും ദ്രോഹം കാരണം കണ്ടെയ്നർ വാഹനങ്ങൾക്കായുള്ള പാർക്കിംഗ് കേന്ദ്രത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യവസായി എൻ എ മുഹമ്മദ് കുട്ടി അറിയിച്ചു. വ്യവസായ മന്ത്രിയും സ്ഥലം എംഎൽഎയുമായ പി രാജീവിനോട് പരാതി അറിയിച്ചിട്ടും നീതി കിട്ടിയില്ലെന്നും ഫാൽക്കൻ ഇൻഫ്രാസ്ട്രക്ചേഴ്സ് ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. ഏലൂരിലെ ഭൂമിയിൽ മണ്ണിട്ട് നികത്തുന്നത് സിപിഎം നേതാക്കൾ തുടർച്ചായി തടഞ്ഞതോടെയാണ് വ്യവസായി പരസ്യമായി രംഗത്തെത്തിയത്. സ്ഥലം മണ്ണിട്ട് നികത്തുന്നതിൽ അനുമതിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ടെന്നും സിപിഎം നേതാവും ഏലൂർ മുൻസിപ്പൽ ചെയർമാനുമായ എഡി സുജിൽ പറഞ്ഞു. അതെ സമയം മണ്ണിട്ട് നികത്താൻ 2019 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം തനിക്ക് അനുമതിയുണ്ടെന്നും ജൂണ്‍ ആറ് വരെ തനിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടെന്നും മുഹമ്മദ് കുട്ടി അവകാശപ്പെട്ടു.