ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ കാണാന്‍ അനുമതി തേടി മകള്‍ ഇല്‍തിജ സുപ്രീംകോടതിയിലേക്ക്. മാതാവിനെ കണ്ടിട്ട് ഒരുമാസമായെന്നും അവരുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും കാട്ടി മകള്‍ ഇല്‍തിജയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയെല്ലാം സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇല്‍തിജയുടെ പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ് എ നാസര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക.
നേരത്തെ തന്റെ സുഹൃത്തും പാര്‍ട്ടി നേതാവുമായ യൂസഫ് തരിഗാമിയെ കാണാന്‍ അനുമതി തേടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കോടതി അനുമതിയോടെ തന്നെ അദ്ദേഹം ശ്രീനഗറിലെത്തി സുഹൃത്തിനെ സന്ദര്‍ശിക്കുകയും ചെയ്തു. സമാന പരിഗണന തന്റെ കക്ഷിയുടെ പരാതിക്കും നല്‍കണമെന്നാണ് ഇല്‍തിജയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.