X

എല്‍ഫിസ്റ്റണ്‍ നടപ്പാല ദുരന്തം വിളിച്ചുവരുത്തിയത്; സചിന്റെ നിര്‍ദേശം അവഗണിച്ചു

 സചിന്റെ നിര്‍ദേശം അവഗണിച്ചു മരണം 23
മുംബൈ: മുംബൈയില്‍ എല്‍ഫിസ്റ്റണ്‍ റോഡ് പരേല്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം തകര്‍ന്ന് 23 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ദുരന്തം. മഴയെ തുടര്‍ന്ന് ജനം നടപ്പാലത്തിലേക്ക് ഇടിച്ചുകയറിയതാണ് ദുരന്തത്തിന് വഴിവെച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് റെയില്‍വേ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പരിക്കേറ്റവരെ കെ.ഇ.എം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇവരെ സന്ദര്‍ശിച്ചു.
ദുരന്തത്തിന്റെ പശ്ചാലത്തില്‍ കേന്ദ്രറെയില്‍വേ മന്ത്രി പിയൂഷ്‌ഗോയല്‍ അടിയന്തര ഉന്നത തല യോഗം ചേര്‍ന്നു. പടിഞ്ഞാറന്‍ റെയില്‍വേയുടെ ചര്‍ച്ച്‌ഗേറ്റിലെ ആസ്ഥാനത്തായിരുന്നു യോഗം. മുംബൈ സബര്‍ബനുകളിലും കൂടുതല്‍ തിരക്കേറിയ ഇടങ്ങളിലും കൂടുതല്‍ എസ്‌കലേറ്ററുകള്‍ അനുവദിക്കാന്‍ തത്വത്തില്‍ യോഗം തീരുമാനമെടുത്തു. ഇക്കാര്യങ്ങള്‍ക്കായി 200 ഉദ്യോഗസ്ഥറെ പുനര്‍വിന്യാസം ചെയ്തിട്ടുണ്ട്. 15 മാസത്തിനകം എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, മൃതദേഹങ്ങളോട് ആസ്പത്രി അധികൃതര്‍ അനാദരവ് കാട്ടിയതായി ആക്ഷേപമുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ നെറ്റിയില്‍ അക്കങ്ങള്‍ കൊണ്ട് ചാപ്പ കുത്തിയെന്നും മരിച്ചവരുടെ ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചുവെന്നുമാണ് ആക്ഷേപം.

ദുരന്തം വിളിച്ചുവരുത്തിയത്; സചിന്റെ നിര്‍ദേശം അവഗണിച്ചു
മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്‌റ്റേഷനിലെ ദുരന്തത്തിന് കാരണം സര്‍ക്കാറിന്റെ അനാസ്ഥ. സ്‌റ്റേഷനിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ പാലം നിര്‍മിക്കണമെന്ന് മുംബൈയില്‍ നിന്നുള്ള രാജ്യസഭാംഗം സചിന്‍ ടെണ്ടുല്‍ക്കര്‍ 2016ല്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായി, ഭയാനന്ദര്‍, എല്‍ഫിന്‍സ്റ്റണ്‍ റോഡ്, കന്ദിവാലി, ഖര്‍ റോഡ്, വിരാര്‍ റെയില്‍വേ സ്്‌റ്റേഷനുകളില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി റെയില്‍വേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണ ജോലികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
സചിനു പുറമേ, ശിവസേനാ എം.പി അരവിന്ദ് സാവന്തും പാലം നിര്‍മിക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി 11.86 കോടി രൂപ റെയില്‍വേ അനുവദിച്ചിരുന്നു.

chandrika: