X
    Categories: Newsworld

ട്വിറ്ററിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ : വില്‍ക്കാന്‍ തയാറെന്ന് ഇലോണ്‍ മസ്‌ക്

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. നടത്തിപ്പ് ഏറെ പ്രയാസകരമാണെന്നും ഉചിതമായ ഒരു വ്യക്തി സമീപിച്ചാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയാറാണെന്നും മസ്‌ക് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത സമ്മര്‍ദ്ദ സാഹചര്യമാണുള്ളത്. എന്നാലും മടുപ്പ് തോന്നുന്നില്ല, അതൊരു സാഹസിക വിനോദമായാണ് കണക്കാക്കുന്നത്. തന്റെ സുഹൃത്തായ ജഡ്ജിയുടെ നിര്‍ദേശത്തിലാണ് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനു വേണ്ടിയാണ് കമ്പനി വാങ്ങിയത്, മസ്‌ക് പറഞ്ഞു. ജോലി തിരക്കു കാരണം ഓഫീസില്‍ തന്നെ കിടന്നുറങ്ങേണ്ടി വരാറുണ്ട്. ഓഫീസില്‍ ആരും പോവാത്ത ഒരു ലൈബ്രറിയില്‍ ഒരു സോഫയില്‍ തനിക്കായി ഒരു സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് 4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ വാര്‍ത്തകളില്‍ നിരന്തരം ഇടം നേടിയിരുന്നു. അടുത്തിടെ ട്വിറ്ററിന്റെ നീലപക്ഷി ലോഗോ മാറ്റി നായയുടെ ചിത്രം ലോഗോ ആക്കിയത് വന്‍ ചര്‍ച്ചയായിരുന്നു. ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് മസ്‌കിന്റെ അഭിമുഖം ബിബിസി പുറത്തുവിട്ടത്.

 

Chandrika Web: