ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്യണ്‍ ഡോളര്‍(2 ലക്ഷംകോടി രൂപ). ഒരുവര്‍ഷത്തിനിടെ 150 ബില്യണ്‍ ഡോളര്‍ വരുമാനംനേടി ലോക കോടീശ്വരപട്ടികയില്‍ ഒന്നാമനായ അദ്ദേഹം ടെസ്‌ലയുടെ ഓഹരി വിലയിടിഞ്ഞതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്‍വാങ്ങി.
നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള, ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 20 ബില്യണ്‍ ഡോളര്‍ കുറവാണ് മസ്‌കിനുള്ളത്.
ടെക്‌നോളജി വിഭാഗം ഓഹരികള്‍ കനത്ത വില്പ സമ്മര്‍ദംനേരിട്ടതോടെയാണ് ടെസ്‌ലയുടെ ഓഹരിയുടെ വിലയും ഇടിഞ്ഞത്. ഇതോടെ ഈകാലയളവില്‍ ടെസ്‌ലയുടെ മൂല്യത്തില്‍ 230 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്.
2021 ജനുവരിയില്‍ റെക്കോഡ് നേട്ടമുണ്ടാക്കിയതിനെതുടര്‍ന്നാണ് 210 ബിലണ്‍ ഡോളര്‍ ആസ്തിയോടെ ജെഫ് ബെസോസിനെ മസ്‌ക് മറികടന്നത്.