ന്യൂഡൽഹി: വിരമിക്കുന്നതിന് 48 മണിക്കൂർ മുമ്പ്, ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗർ കള്ളപ്പണ തട്ടിപ്പ് തടയൽ നിയമ (പി.എം.എൽ.എ) അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയർപേഴ്സനായി നിയമിതനായി. ഈ മാസം 23ന് വിരമിച്ച അദ്ദേഹം സെപ്റ്റംബർ 23ന് പുതിയ പദവിയിൽ ചുമതലയേൽക്കും.
ഐ.എൻ.എക്സ് മീഡിയ കേസിലെ പ്രധാനിയും മുഖ്യആസൂത്രകനുമാണ് ചിദംബരം എന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ഗൗർ പറഞ്ഞിരുന്നു. എന്നാൽ, ചിദംബരത്തിനെതിരെ കേസെടുത്ത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ(ഇ.ഡി) കുറിപ്പ് അതേപടി പകർത്തുകയാണ് ജഡ്ജി ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവും നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള ജഡ്ജിയാണ് ജസ്റ്റിസ് ഗൗർ. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥി ന്റെ ബന്ധുവും ബിസിനസുകാരനുമായ രതുൽ പുരിയുടെ മുൻകൂർ ജാമ്യാപേക്ഷയും കഴിഞ്ഞയാഴ്ച ഗൗർ തള്ളിയിരുന്നു.
- 5 years ago
ചന്ദ്രിക വെബ് ഡെസ്ക്
ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ജഡ്ജിയെ ഉന്നത പദവിയില്‍ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍
Tags: p chidambaram