പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍, മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 390 എന്ന ശക്തമായ നിലയിലാണ്. ഡീന്‍ എല്‍ഗറുടെയും ജീന്‍പോള്‍ ഡ്യുമിനിയുടെയും സെഞ്ച്വറികള്‍ കരുത്തുപകര്‍ന്നപ്പോള്‍ നാലു വിക്കറ്റ് കയ്യിലിരിക്കെ 388 റണ്‍സ് മുന്നിലാണ് ദക്ഷിണാഫ്രിക്ക. ക്വിന്റണ്‍ ഡികോക്ക് (16), വെര്‍നന്‍ ഫിലാന്റര്‍ (23) എന്നിവരാണ് ക്രീസില്‍.
സ്‌കോര്‍ ചുരുക്കത്തില്‍:
ഒന്നാം ഇന്നിങ്‌സ്: ദക്ഷിണാഫ്രിക്ക 242 (ഡികോക്ക് 84, ടെംബ ബവുമ 51. മിച്ചല്‍ സ്റ്റാര്‍ക്ക് 4/71), ഓസ്‌ട്രേലിയ 244 (ഡേവിഡ് വാര്‍ണര്‍ 97, മിച്ചല്‍ മാര്‍ഷ് 63. ഫിലാന്റര്‍ 4/56). രണ്ടാം ഇന്നിങ്‌സ്: ദക്ഷിണാഫ്രിക്ക ആറിന് 390 (എല്‍ഗര്‍ 127, ഡ്യുമിനി 141. പീറ്റര്‍ സിഡില്‍ 2/47, ഹേസല്‍വുഡ് 2/97).
രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 104 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കക്ക് എല്‍ഗര്‍-ഡ്യുമിനി കൂട്ടുകെട്ടാണ് കരുത്തായത്. മൂന്നാം വിക്കറ്റില്‍ 250 റണ്‍സ് ചേര്‍ത്ത ഇരുവരും 295 റണ്‍സ് വരെ ക്രീസില്‍ നിന്നു. 169 പന്തില്‍ 17 ബൗണ്ടറിയടക്കം ഡ്യുമിനിയാണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. പിന്നാലെ 255 പന്തില്‍ 13 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ എല്‍ഗറും മൂന്നക്കം കണ്ടു.
വീഡിയോ കടപ്പാട്: ക്രിക്കറ്റ് ഓസ്‌ട്രേലിയ
20 ഫോറും ഒരു സിക്‌സറുമടിച്ച ഡ്യുമിനിയെ പീറ്റര്‍ സിഡില്‍ മടക്കിയപ്പോഴാണ് ഈ സഖ്യം തകര്‍ന്നത്. ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി എല്‍ഗറും പുറത്തായി. ശേഷം ഫഫ് ഡുപ്ലസ്സി (32) സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന നല്‍കിയപ്പോള്‍ ബവുമ എട്ട് റണ്‍സുമായി പുറത്തായി.
മത്സരത്തില്‍ രണ്ട് ദിവസം ശേഷിക്കെ വ്യക്തമായ മുന്‍തൂക്കം ദക്ഷിണാഫ്രിക്കക്കാണ്. വാക്കയില്‍ ഇതേവരെ ഓസ്‌ട്രേലിയയോട് ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല. ഇന്ന് ആദ്യസെഷനില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ആതിഥേയരെ ബാറ്റിങിനിറക്കാനാവും ദക്ഷിണാഫ്രിക്കയുടെ ശ്രമം.