X

സര്‍ക്കസില്‍ ആനകളെ നിരോധിച്ച് കേന്ദ്ര മൃഗശാല അതോറിട്ടി

സര്‍ക്കസില്‍ ഇനി ആനകളെ ഉപയോഗിക്കാന്‍ കഴിയില്ല. രാജ്യത്തെ സര്‍ക്കസ് കമ്പനികള്‍ ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി ഉത്തരവിറക്കി. സര്‍ക്കസില്‍ ആനകള്‍ കടുത്ത പീഡനം നേരിടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വരെ ഹര്‍ജികള്‍ ലഭിച്ചിരുന്നു. ആനകളുടെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മൃഗശാല അധികൃതരെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.
ഇങ്ങനെ, സര്‍ക്കസ് കമ്പനികളില്‍ നടത്തിയ പഠനത്തിലാണ് ആനകള്‍ പീഡനം നേരിടുന്നതായി ബോധ്യപ്പെട്ടത്. 364 ദിവസത്തേയ്ക്കാണ് സര്‍ക്കസ് കമ്പനികള്‍ക്ക് ആനകളെ ഉപയോഗിക്കാന്‍ അനുമതി. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുക്കി നല്‍കുകയാണ് പതിവ്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനാണ് ഈ പുതുക്കല്‍ നടപടികള്‍. പുതിയ ഉത്തരവ് വന്നതോടെ ഇന്നു മുതല്‍ സര്‍ക്കസ് കമ്പനികള്‍ക്ക് ആനകളെ ഉപയോഗിക്കാന്‍ അനുമതി കിട്ടില്ല.
പുതിയ ഉത്തരവുപ്രകാരം രാജ്യത്തെ 23 സര്‍ക്കസ് കമ്പനികളുടെ കൈവശമുള്ള 68 ആനകളെ ഉടനെ അതതു സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ടി വരും. ഇതില്‍ 17 ആനകളും കേരളത്തിലെ വിവിധ സര്‍ക്കസ് കമ്പനികളുടേതാണ്. ഒരു ആനക്ക് 50 സെന്റ് സ്ഥലമെങ്കിലും ഒരുക്കണം. ഇതു നിരീക്ഷിക്കാന്‍ ആനസംരക്ഷണ സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെ തന്നെ സര്‍ക്കസുകളില്‍ ആനകളും, ഹിപ്പോപൊട്ടാമസും വലിയ പക്ഷികളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും നിര്‍ദേശം.
രാജ്യത്തെ 23 സര്‍ക്കസ് കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നതുമാണ്. ആനകള്‍ കൈവശമുണ്ടെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ കുറെക്കാലമായി സര്‍ക്കസ് കമ്പനികള്‍ക്ക് ഇവയെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാറില്ലായിരുന്നു. 1999 മുതല്‍ 2007 വരെയുള്ള വിവിധ സമയങ്ങളിലായി പുള്ളിപ്പുലി, കടുവ, സിംഹം, കുരങ്ങ്, കരടി തുടങ്ങിയ വന്യജീവികളെ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കുന്നതു നിരോധിച്ചിരുന്നു. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം, 2001ലെ പെര്‍ഫോര്‍മിങ് അനിമല്‍സ് റജിസ്‌ട്രേഷന്‍ റൂള്‍ എന്നിവയിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് സര്‍ക്കസുകളില്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്നതെന്നും പ്രദര്‍ശിപ്പിക്കുന്നതെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ഇത്തരം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
മൂണ്‍ലൈറ്റ്, റിനോ, ഗ്രേറ്റ് ഗോള്‍ഡന്‍, ജെമിന, ഗ്രേറ്റ് ബോംബെ, ഗ്രേറ്റ് റെയ്മാന്‍, ജമുന, ജംമ്പോ, രാജ്കമല്‍, റാംപോ, ഗ്രേറ്റ് റോയല്‍, അജന്ത, ആസിയാദ്, എംപയര്‍, ഫേയ്മസ്, കോഹിന്നൂര്‍, നടരാജ്, ഒളിംപിക്, ഗ്രേറ്റ് അപ്പോളോ, ഗ്രേറ്റ് ജെമിനി, രാജ്മഹല്‍ തുടങ്ങിയവ പ്രമുഖ സര്‍ക്കസ് കമ്പനികള്‍ക്കാണ് നിരോധനം ബാധകമാകുന്നത്.

chandrika: