പാലക്കാട് ധോണി മേഖലയെ ഒന്നടങ്കം വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ പിടിക്കാനുള്ള ശ്രമം വിജയിച്ചു. മയക്കുവെടിവച്ച് തളച്ച പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. കൊമ്പനെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലെത്തിക്കും.
ധോണിയില്‍ ആനയെ പാര്‍പ്പിക്കാനുള്ള കൂട് തയ്യാറാക്കിയിട്ടുണ്ട്. ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്തു വച്ചാണ് മയക്കുവെടിവെച്ചത്. രാവിലെ 7.10നും 7.15നും ഇടയില്‍ ഇടതു ചെവിക്കു താഴെ മുന്‍കാലിന് മുകളിലായാണ് പി.ടി ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്. ആനയുടെ തുടര്‍ചലനങ്ങള്‍ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.