തൃശ്ശൂര്‍: മനുഷ്യന് മാത്രമല്ല ആനക്കും ഇനി രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ സ്‌കാന്‍ ചെയ്യാം. ഇതിന് ആനയോളം വലിപ്പമുള്ള മെഷീനൊന്നും ആവശ്യമില്ല. ചെറിയ മോണിറ്ററും ഒരു കുഞ്ഞന്‍ ക്യാമറയുമാണ് ആനയെ സ്‌കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്.
അസുഖമുണ്ടെന്ന് സംശയിക്കുന്ന ആനയുടെ വയറിലേക്ക് കുഞ്ഞന്‍ ക്യാമറ കടത്തി വിടും. വയറിന്റെ പകുതി ദൂരത്തോളം സഞ്ചരിക്കുന്ന ക്യാമറ ആനവയറിന്റെ ആവലാതികള്‍ മോണിറ്ററില്‍ ദൃശ്യങ്ങളായി കാണിക്കും. ഇതോടെ കൃത്യമായി അസുഖം തിരിച്ചറിയാനാവുമെന്നും ജീവന്‍ രക്ഷിക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവമ്പാടി ആന ചികിത്സാ കേന്ദ്രത്തിലാണ് നിലവില്‍ സ്‌കാനിങ് യന്ത്രമുള്ളത്. പിണ്ഡം പുറത്ത് പോവാതെ കുടലില്‍ തങ്ങി നില്‍ക്കുന്ന ‘ എരണ്ടക്കെട്ട്’ എന്ന അസുഖമാണ് ആനകളെ പ്രധാനമായും ബാധിക്കുന്നത്. പ്രധാനമായും ആനകളുടെ മരണത്തിന് കാരണമാകുന്നതും ഈ രോഗമാണ്. സ്‌കാന്‍ ചെയ്യുന്നതിലൂടെ ഇത് കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കും.