X

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശനം

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നെള്ളിപ്പ് വിഷയത്തില്‍ ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശനം. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ അഫിഡവിറ്റ് സ്വീകരിക്കാതിരുന്ന കോടതി സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. മാര്‍ഗ നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞതെന്ന് ചോദ്യമുന്നയിച്ച കോടതി ദേവസ്വം ഓഫീസര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി പറയണമെന്നും കോടതി നിര്‍ദേശിച്ചു.

സത്യവാങ്മൂലത്തില്‍ ഇങ്ങനെയൊക്കെ എഴുതി നല്‍കാന്‍ ആരാണ് പറഞ്ഞതെന്നും ദേവസ്വം ഓഫീസറുടെ പിന്നിലാരാണെന്നും കോടതി ചോദിച്ചു. മഴയും ആള്‍ക്കൂട്ടവും മൂലമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മഴയും ആള്‍ക്കൂട്ടവും വരുമ്പോള്‍ അപകടമുണ്ടാകാതിരിക്കാനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആന എഴുന്നള്ളിപ്പില്‍ ക്ഷേത്രം ഭാരവാഹികളെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദൂരപരിധി പാലിക്കാതെയാണ് ആനകളെ എഴുന്നള്ളിച്ചതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ആനകളുടെ എഴുന്നളളിപ്പില്‍ തൃപ്പൂണിത്തുറ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

 

 

webdesk17: