X

വോട്ടിംങ് യന്ത്രങ്ങളിലെ തകരാറ്; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിംങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ മെയ് എട്ടിന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിംങ് മെഷീനുകളിലെ ക്രമക്കേട് സംബന്ധിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

പേപ്പര്‍ ബാലറ്റ് ഇല്ലാത്തതിന്റെ സുരക്ഷാ പ്രശ്‌നങ്ങളും യന്ത്രത്തില്‍ നടന്ന തിരിമറികളും വ്യക്തമായി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കോടതിയോട് അപേക്ഷിച്ചു. നേരത്തെ 2014-ല്‍ തന്നെ ഇലക്ട്രോണിക് മെഷീനുകളെ സംബന്ധിച്ചുള്ള ആശങ്ക അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്തും ചിദംബരം സൂചിപ്പിച്ചു. പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്ത മറ്റ് പരാതിക്കാരോടും കേസിന്റെ ഭാഗമാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴാണ് ഇലക്ട്രോണിക് വോട്ടിംങ് മെഷീന്റെ വിശ്വാസ്യത സംബന്ധിച്ചുള്ള തര്‍ക്കം ഉടലെടുത്തത്. ഇലക്ട്രോണിക് മെഷീനുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടും ബി.എസ്.പി നേതാവ് മായാവതി രംഗത്തുവരികയായിരുന്നു. പിന്നീട് വോട്ടിംങ് മെഷീനുകളില്‍ തകരാറ് സംഭവിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടിരുന്നു. ആര്‍ക്കുവോട്ടു ചെയ്താലും ബി.ജെ.പിക്ക് വോട്ടുപോകുന്നത് കമ്മീഷന്റെ പരിശോധനയില്‍ തെളിഞ്ഞു.

chandrika: