X

ഇലക്ട്രോണിക് ഉപകരണങ്ങള്‍ സി.ഐ.എ ചാരവലയത്തില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ പുറത്തുവിട്ട് വിക്കിലീക്‌സ് വീണ്ടും ലോകത്തെ ഞെട്ടിച്ചു. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടെ ലോകത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം സി.ഐ.എയുടെ ചാരവലയത്തിലാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളെ കൂട്ടുപിടിച്ച് സ്മാര്‍ട്‌ഫോണുകളും സ്മാര്‍ട് ടെലിവിഷനുമെല്ലാം സി.ഐ.എ നിരീക്ഷണ ആയുധങ്ങളാക്കി മാറ്റിയിരിക്കുകയാണെന്ന് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, സാംസങ് സ്മാര്‍ട് ടിവി തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം സി.ഐ.എക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്‌ഫോണുകളുടെ ക്യാമറയും മൈക്രോഫോണുകളും പ്രവര്‍ത്തിപ്പിക്കാനും ബന്ധപ്പെട്ട വ്യക്തിയുടെ ലൊക്കേഷന്‍ കണ്ടെത്താനും സന്ദേശങ്ങള്‍ അയക്കാനും സി.ഐ.എക്ക് കഴിയുമെന്ന് രേഖകളില്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ നിയന്ത്രണത്തിലാക്കി വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളും സി.ഐ.എക്ക് ചോര്‍ത്താന്‍ സാധിക്കുമെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് സി.ഐ.എ ഹാക്കിങ് നടത്തുന്നത്. സ്വകാര്യ സംഭാഷണങ്ങളും ആശയ വിനിമയവും ചോര്‍ത്താന്‍ സി.ഐ.എയുടെ കൈവശം പുതിയ സാങ്കേതിക വിദ്യയുണ്ട്. വെര്‍ജീനിയയിലുള്ള സൈബര്‍ ഇന്റലിജന്‍സ് സെന്ററിന്റെ അതീവ സുരക്ഷയുള്ള നെറ്റ്‌വര്‍ക്കില്‍ സൂക്ഷിച്ചിരുന്ന 8,761 രേഖകളാണ് വിക്കിലീക്ക്‌സ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയുടെ മുന്‍ ഹാക്കര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമിടയില്‍ വിതരണം ചെയ്തിരുന്ന രേഖകളാണ് തങ്ങള്‍ ചോര്‍ത്തിയതെന്ന് വിക്കിലീക്‌സ് പറയുന്നു. ആധുനിക കാറുകളും ട്രക്കുകളും ഉപയോഗിക്കുന്ന വാഹന നിയന്ത്രണ സംവിധാനങ്ങളെപ്പോലും നിയന്ത്രണത്തിലൊതുക്കാന്‍ സി.ഐ.എ ശ്രമിച്ചിരുന്നു. അത് എന്തിനായിരുന്നുവെന്ന് വ്യക്തമല്ല. തിരിച്ചറിയാനാവാത്ത വിധം കൊലപാതകങ്ങള്‍ നടത്താനായിരിക്കാം അതെന്ന് വിക്കിലീക്‌സ് അഭിപ്രായപ്പെടുന്നു. സി.ഐ.എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ത്തലെന്നാണ് ഇയര്‍ സീറോ എന്ന പേരില്‍ പുറത്തിറക്കിയ രേഖകളെ വിക്കിലീക്‌സ് വിശേഷിപ്പിക്കുന്നത്. 2010ല്‍ അമേരിക്കന്‍ സേനയുടെ രണ്ടര ലക്ഷത്തിലധികം രഹസ്യരേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത് അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രത്യാഘതമുണ്ടാക്കി. കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖകളോട് പ്രതികരിക്കാന്‍ സി.ഐ.എ തയാറാട്ടില്ല. എന്നാല്‍ വെളിപ്പെടുത്തലിനെക്കുറിച്ച് പഠിക്കുമെന്ന് ആപ്പിളും സാംസങും മൈക്രോ സോഫ്റ്റും അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാണ് ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതെന്നും എവിടെയെങ്കിലും പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.

chandrika: