വൈദ്യുതി നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിടിച്ചു നില്‍ക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും 250 യൂണിറ്റിന് കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ളവര്‍ക്ക് മാത്രമേ നിരക്ക് വര്‍ധന ബാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയാല്‍ നിരക്ക് കുറയ്ക്കും. നിലവില്‍ ഉയര്‍ന്ന തുകയ്ക്കാണ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത്. ചെലവ് ചുരുക്കാന്‍ ബോര്‍ഡ് ജീവനക്കാരുടെ എണ്ണം ഉള്‍പ്പെടെ കുറച്ചു. ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ശക്തമായി ശ്രമിക്കും.
കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി കുറവാണ്. വേനലില്‍ കടുത്ത പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ലോഡ് ഷെഡിംഗ് ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരക്ക് വര്‍ധനവിനെക്കാള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുക ലോഡ് ഷെഡിംഗ് – മന്ത്രി വ്യക്തമാക്കി.
യൂണിറ്റിന് 16 പൈസയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്.
യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നത്.