X

വൈദ്യുതി നിരക്ക് വര്‍ധന അഴിമതിക്കും ധൂര്‍ത്തിനും: കെ.സുധാകരന്‍ എംപി

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തും അഴിമതിയും നടത്താനാണ് വൈദ്യുതി നിരക്ക് പൊടുന്നനെ കുത്തനെ കൂട്ടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കേരളത്തിലെ ഡാമുകളില്‍ ഉള്‍പ്പെടെ ആവശ്യത്തിന് വെള്ളം ലഭ്യമാണെന്നിരിക്കെ ഇപ്പോള്‍ ജനത്തെ ഷോക്കടിപ്പിച്ചതിന്റെ കാരണം ജനങ്ങളോട് അടിയന്തരമായി വിശദീകരിക്കണം.നിരക്ക് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല.സമസ്ത മേഖലയിലും വിലക്കയറ്റം ജനങ്ങളുടെ നടുവൊടിക്കുമ്പോള്‍ വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഷോക്കാണ്. ഇത് ജനങ്ങളുടെ സര്‍വ്വതോന്മുഖമായ ജീവിതച്ചെലവില്‍ ഭാരിച്ച വര്‍ധനവിന് വഴിയൊരുക്കും. ശമ്പളവും പെന്‍ഷനും കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുച്ഛമായ ക്ഷേമപെന്‍ഷനെ ആശ്രയിക്കുന്ന 60 ലക്ഷം പാവപ്പെട്ടവര്‍, വിറ്റനെല്ലിന്റെ പണത്തിന് വേണ്ടി യാചിക്കുന്ന കര്‍ഷകര്‍, മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ലക്ഷോപലക്ഷം പേര്‍, ലൈഫ് മിഷനില്‍ നിന്നും പണം കിട്ടാതെ വീടുപണി മുടങ്ങിക്കിടക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാനാവാത്തതാണ് ഈ നിരക്ക് വര്‍ധന.

സ്ഥിരവരുമാനം ഇല്ലാത്ത സാധാരണക്കാര്‍ നിത്യനിദാന ചെലവിന് പോലും പണം തികയാത്ത കാലഘട്ടത്തില്‍ സര്‍ക്കാര്‍ നികുതിയും വെള്ളം,ബസ്സ്,വൈദ്യുതി ചാര്‍ജ്ജുകളും കുറച്ച് ആശ്വാസം നല്‍കുന്നതിന് പകരം അവരെയെല്ലാം വീണ്ടും കറവപ്പശുവിനെപോലെ പിഴിഞ്ഞെടുക്കുന്നത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ കോടികള്‍ പൊടിച്ചുള്ള കേരളപ്പിറവി ദിനാഘോഷത്തിന്റെ ആരവം ഒടുങ്ങുംമുന്നെ ജനങ്ങളുടെ കഴുത്തിന് പിടിച്ച് നികുതി പിരിക്കാന്‍ പിണറായി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

യൂണിറ്റിന് 20 പൈസയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. പ്രതിമാസം 50 യൂണിറ്റിന് വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ പ്രതിമാസം യൂണിറ്റിന് 3.25 രൂപയും അതിന് മുകളില്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 4.05 രൂപയും നല്‍കണം. സ്‌കൂളുകള്‍, കോളേജുകള്‍,ആശുപത്രികള്‍ എന്നിവയ്ക്കും 2.5 ശതമാനം താരീഫ് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ കടം കയറി മൂച്ചൂടും മുടിഞ്ഞ് ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കോളം എത്തിയ കര്‍ഷകന്റെ കൃഷിക്കുള്ള വൈദ്യുതി നിരക്കിലും യൂണിറ്റിന് ശരാശരി 20 പൈസയുടെ വര്‍ധനവ് വരുത്തി.

ഇതിന് പുറമെ ഫിക്‌സഡ് ചാര്‍ജ്ജ് നിരക്ക് എന്നപേരിലും വലിയ പിടിച്ചുപറിയാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തുന്നത്. പെട്ടിക്കടക്കാരനെപ്പോലും സര്‍ക്കാര്‍ ഫിക്‌സഡ് ചാര്‍ജ്ജിന്റെ പേരില്‍ കൊള്ളയടിച്ചു.ഈ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തും. നവംബര്‍ 3ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തുന്നതോടൊപ്പം നവംബര്‍ 6ന് നിയോജക മണ്ഡലം തലത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

webdesk11: