X

വൈദ്യുതി കമ്പിയില്‍ വീണ മരം നീക്കം ചെയ്യാന്‍ രക്ഷകരായി ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാര്‍; വീണ്ടും രക്ഷാദൗത്യം ഏറ്റെടുത്ത് കമ്പനി

കോട്ടയം: കടുവാക്കുളത്ത് വൈദ്യുതി ലൈനിനു മുകളില്‍ വീണ മരത്തിന്റെ ചില്ല നീക്കം ചെയ്യാന്‍ രക്ഷകരായി എത്തിയത് ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാര്‍. കടുവാക്കുളം പൂവന്‍തുരുത്ത് റോഡിലാണ് തിങ്കളാഴ്ച രാത്രിയില്‍ വൈദ്യുതി ലൈനിനു മുകളില്‍ മരം വീണത്. നാലു മണിക്കൂറോളം അഗ്‌നിരക്ഷാ സേനാ അധികൃതര്‍ മരം നീക്കാന്‍ പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനാ സംഘം ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാരുടെ സഹായം തേടി. തുടര്‍ന്ന് ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ നിന്നും എത്തിച്ച ക്രെയിന്‍ ഉപയോഗിച്ചാണ് മരം നീക്കം ചെയ്തത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കനത്ത മഴയിലും കാറ്റിലും റോഡിന് എതിര്‍വശത്തു നിന്ന മരം വൈദ്യുതി ലൈനിനു മുകളിലൂലെടെ കടയുടെ മുകളിലേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അഗ്‌നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാ സേനാ സംഘം മരം നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരം വീണ് കടയുടെ മുന്‍ഭാഗത്തെ ഷീറ്റും,ബോര്‍ഡും തകരുകയും ചെയ്തിരുന്നു. മരം വീണ ഉടന്‍ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിലേയ്ക്ക് മരം വീണ് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായും തടസപ്പെട്ടിരുന്നു. വൈദ്യുതി ലൈന്‍ അഴിച്ചു മാറ്റി മരക്കമ്പ് മുറിച്ച് നീക്കാനായിരുന്നു അഗ്‌നിരക്ഷാ സേനയുടെ ശ്രമം.

ഇതിനിടെയാണ് ട്രാവന്‍കൂര്‍സിമന്റ്‌സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംങ് ഡയറക്ടര്‍ ഫെബി വര്‍ഗീസിന്റെ നിര്‍ദേശാനുസരണം കമ്പനിയിലെ ക്രെയിനുമായി ജീവനക്കാര്‍ എത്തിയത്. തുടര്‍ന്ന് നാലു മണിക്കൂറിനു ശേഷം ക്രെയിന്‍ ഉപയോഗിച്ച് മരം മുറിച്ച് നീക്കി. വൈദ്യുതി ലൈന്‍ അഴിക്കുകയോ, പോസ്റ്റുകള്‍ മാറ്റുകയോ ചെയ്യാതെയായിരുന്നു ക്രെയിന്‍ മരം നീക്കം ചെയ്തത്. ഇതോടെയാണ് റോഡിലെ ഗതാഗത തടസം നീങ്ങിയതും പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതും.
മഴക്കാലത്ത് മറിയപ്പള്ളി മുട്ടത്ത് വീടിനു മുകളില്‍ വീണ മരം ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാര്‍ വീണ്ടും ഇടപെട്ടിരിക്കുന്നത്.

chandrika: