X

23 വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് 2054 രൂപയുടെ വൈദ്യുതി കുടിശിക നോട്ടിസ്

23 വര്‍ഷം മുന്‍പ് മരിച്ച ആളുടെ പേരില്‍ വൈദ്യുതി കുടിശിക തീര്‍ക്കാനുള്ള നോട്ടീസ് അയച്ച് കെ.എസ്.ഇ.ബി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിലെ ഇടശ്ശേരി ജി പരമേശ്വരന്‍ എന്നയാളുടെ പേരിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വൈദ്യുതി കുടിശിക അടച്ചു തീര്‍ക്കാനുള്ള നോട്ടിസ് വന്നത്.

2009 മെയ് നാല് മുതല്‍ 2019 ജൂലൈ 30 വരെയുള്ള വൈദ്യുതി ചാര്‍ജായി 613 രൂപയും 18 ശതമാനം പലിശയായി 1441 രൂപയും ചേര്‍ത്ത് 2054 രൂപയാണ് മൊത്തം കുടിശികയായി കാണിച്ചിരിക്കുന്നത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം 1042 രൂപ അടച്ചാല്‍ മതിയെന്ന ഇളവും നോട്ടിസിലുണ്ട്.

ആഗസ്റ്റ് 11നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2000ത്തിലാണ് പരമേശ്വരന്‍ മരിച്ചത്. ഇയാളുടെ പേരിലുള്ള കണ്‍സ്യൂമര്‍ നമ്പറിലുള്ള കണക്ഷന്‍ ഉള്‍പ്പെടുന്ന വീടും സ്ഥലവും 2006ല്‍ കുടുംബം മറ്റൊരു വ്യക്തിക്ക് വില്‍പ്പന നടത്തിയിരുന്നു. വസ്തു വാങ്ങിയ വ്യക്തി 2009ല്‍ വീട് പൊളിച്ചു നീക്കി.

വൈദ്യുതി കുടിശിക അടച്ചു തീര്‍ത്തതായി പരമേശ്വരന്റെ കുടുംബം പറയുന്നു. നാളിതുവരെ കറന്റ് ബില്‍ വന്നതായും ഇവര്‍ക്ക് അറിവില്ല. എന്നിട്ടും 23 വര്‍ഷങ്ങള്‍ക്ക് ശേഷം കുടിശിക അടച്ചു തീര്‍ക്കാനുള്ള നോട്ടീസ് കിട്ടിയതിന്റെ അമ്പരപ്പിലാണ് കുടുംബം. ആദ്യം താമസിച്ച വീടിനു തൊട്ടടുത്തു തന്നെയാണ് പരമേശ്വരന്റെ മകന്‍ രവി താമസിക്കുന്നത്. വീട്ടു പേരിലെ പരിചയത്തില്‍ പോസ്റ്റുമാന്‍ നോട്ടീസ് രവിക്ക് തന്നെ നല്‍കി.

കെഎസ്ഇബിയുടെ അഡ്രസില്‍ തന്നെയാണ് നോട്ടീസ് അയച്ചത്. സ്ഥലമുടമയോ മറ്റ് കാര്യങ്ങളോ ഇത്തരം വിഷയങ്ങളില്‍ തിരക്കാറില്ല. കുടിശിക തീര്‍ത്തതിന്റെ രേഖകള്‍ കൈവശമുണ്ടെങ്കില്‍ ഹാജരാക്കിയാല്‍ ഇത് അസാധുവാക്കാം എന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.

webdesk13: