X

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; വൈദ്യുതി മുടക്കം പതിവാകുന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. 113.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി. കൊച്ചിയിലും മലപ്പുറത്തും ഇന്നലെ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

അതിനിടെ സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമായി. ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം വര്‍ധിച്ചത്. വൈകുന്നേരം 6 മുതല്‍ രാത്രി ഒരു മണി വരെയുള്ള സമയം വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. പലയിടത്തും വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നത് മൂലം ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഉരുകി പോകുന്നതിന് ഇടയാക്കുന്നുണ്ട്.

ഇതൊരു പ്രദേശം തന്നെ ഇരുട്ടിലാക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങള്‍ സഹകരിക്കാതെ മാറ്റം വരില്ലെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് രണ്ടിന് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളത്തിന്റെ കുറവുണ്ടെന്നും മഴ പെയ്യാത്തതിന് എന്ത് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു എസിക്ക് പകരം നാല് എസി ഒക്കെ വെക്കുന്നു ഉപയോഗം കൂടില്ലേ എന്നും പവര്‍ ഡ്രിപ്പ് ആകുമെന്നും അദ്ദേഹം പറയുന്നു. ജീവനക്കാരും മനുഷ്യരാണ്. അവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകണ്ടേ എന്ന് മന്ത്രി ചോദിച്ചു.

webdesk13: