ഉരുകിയൊലിക്കും കൊടുംചൂടില്‍ ഒഴിവാക്കാതെ വയ്യ ഫാനും എസിയും. വേനല്‍ചൂടിന്റെ കാഠിന്യത്തിനൊപ്പം കൂടുന്നു വൈദ്യുതി ഉപയോഗവും. 82.52 ദശലക്ഷം യൂണിറ്റും കടന്ന് വൈദ്യുതി ഉപയോഗം. കടുത്ത വേനലില്‍ ചൂടില്‍ നിന്ന് രക്ഷ നേടാനായി എയര്‍കണ്ടീഷന്റെയും ഫാനിന്റെയും ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാനും കാരണമായിരിക്കുന്നത്.
കഴിഞ്ഞ മാസം വരെ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗമെങ്കില്‍ കുതിച്ചുയരുകയാണ് ഈ മാസം ആദ്യം മുതല്‍ വൈദ്യുതി ഉപയോഗം. വേനല്‍ ഇനിയും കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. 2021 മാര്‍ച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെഎസ്ഇബിയുടെ റെക്കോര്‍ഡ്. ഈ വര്‍ഷം ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ ഡാമുകളിലെല്ലാം കൂടി 2767.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലമാണ് അവശേഷിക്കുന്നത്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. ഉപയോഗം വര്‍ധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഒക്ടോബറില്‍ മഴ ലഭിച്ചതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ മുന്‍ വര്‍ഷങ്ങളേക്കാളും കൂടുതല്‍ ജലം സംഭരണികളില്‍ ശേഖരിക്കാനായത് ആശ്വാസത്തിന് വക നല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം ഇത്തവണ വേനല്‍ചൂട് മുന്‍ വര്‍ഷങ്ങളിലെ അത്രയും ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതരില്‍ നിന്ന് ലഭ്യമാകുന്ന വിവരം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രീ-മണ്‍സൂണ്‍ സീസണ്‍ പ്രവചനത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് സാധാരണയുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്നും പറയുന്നു. പ്രവചനത്തിലെ സൂചന പ്രകാരം വലിയ ചൂട് ഉണ്ടാകില്ല എന്നല്ലെന്നും അത്യുഷ്ണം ഭയക്കേണ്ടെന്നുമാണ് വിദഗ്ധാഭിപ്രായം. കഴിഞ്ഞ വര്‍ഷം ചൂട് പൊതുവെ കുറവായിരുന്നു. നല്ല മഴ ലഭിച്ചതും ആശ്വാസമായിരുന്നു.
മാര്‍ച്ച് മുതല്‍ മെയ് വരെ 361.5 മി.ലിറ്റര്‍ മഴയാണ് സാധാരണഗതിയില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 751 മി.ലിറ്റര്‍ മഴ ലഭിച്ചിരുന്നു. സാധാരണഗതിയില്‍ നിന്ന് 108 ശതമാനം അധികമാണിത്. വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനങ്ങളും വിലയിരുത്തലും താരതമ്യം ചെയ്യുമ്പോള്‍ ഭൂരിഭാഗവും പ്രവചിക്കുന്നത് മുന്‍ വര്‍ഷങ്ങളേക്കാള്‍ വേനല്‍ മഴയും പതിവില്‍ കുറഞ്ഞ വേനല്‍ചൂടുമാണ് ഇത്തവണ ഉണ്ടാകുകയെന്നാണ്. വേനല്‍ചൂടില്‍ ഉരുകിയൊലിച്ച് തൊണ്ട വരളുന്ന ഘട്ടത്തില്‍ ആശ്വാസത്തിനൊപ്പം ആശങ്കയും കൂട്ടുന്നതാണ് പ്രവചനങ്ങളും വിലയിരുത്തലും. വൈദ്യുതി ഉപയോഗം കൂടുന്നതിനനുസരിച്ച് ഡാമുകളിലെ വെള്ളം താഴുന്നതും ആശങ്ക കൂട്ടുകയാണ്.