X

ഇരുട്ടടിയായി വൈദ്യുതി ചാർജ് : ഇരട്ടിയിലേറെയായി

ഇത്തവണ വൈദ്യുതി ബിൽ കിട്ടിയവരൊക്കെ പണം അടയ്ക്കാതെ ഒറ്റയിരിപ്പിലാണ്. കഴിഞ്ഞ തവണത്തേതിൽ നിന്നും ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയാണ് ചാർജ് വന്നിരിക്കുന്നത്. എട്ട് ശതമാനം മാത്രമാണ് ചാർജ് കൂട്ടിയതെന്നാണ് കെ.എസ്. ഇ.ബി പറയുന്നതെങ്കിൽ , എങ്ങനെ ഇത്ര ബില്ല് വന്നു എന്നറിയാതെ ഞെട്ടലിലാണ് ഉപഭോക്താക്കൾ. 600 രൂപയുണ്ടായിരുന്ന ബില്ല് ഇത്തവണ 2000ത്തിനടുത്താണ് പലർക്കും . വേനൽകാലത്ത് ഉപയോഗം കൂടിയതിനാൽ പുറത്തു നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതാണ് വർധന ഇത്രയും വരാൻ കാരണമെന്നാണ് ബോർഡ് പറയുന്നത്. എന്നാൽ വൻകിട ഉപഭോക്താക്കൾ അമിതമായി ഉപയോഗിച്ച വൈദ്യുതിയുടെ വില ഞങ്ങളെന്തിന് വഹിക്കണമെന്നാണ് സാധാരണക്കാരുടെ ചോദ്യം. കൂടിയ തുക കുടിശികയായി ഘട്ടം ഘട്ടമായോ അടയ്ക്കാൻ സൗകര്യം വേണമെന്നാണ് അവരുടെ ആവശ്യം. ഉപയോഗം പ്രതിദിനം 100 ദശലക്ഷം യൂണിറ്റായി റെക്കോഡിട്ടത് ഈ വേനലിലാണ്. ഇത് കാരണം 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയെന്നാണ് സർക്കാർ ന്യായം. ഇതിന് പുറമെ ജൂലൈ മുതൽ ഇനിയും ചാർജ് വർധിക്കുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.
അതേ സമയം മുമ്പ് വൈദ്യുതി ചാർജ് കൂടിയപ്പോൾ പിണറായി വിജയൻ വിമർശിച്ച പോസ്റ്റ് ആളുകൾ പങ്കുവെക്കുകയാണിപ്പോൾ. സകലതിനും വില കൂടിയ കാലത്ത് വൈദ്യുതിക്കും ഇരുട്ടടി വന്നതിൻ്റെ ഭാരം സർക്കാർ ചെറുതായെങ്കിലും വഹിക്കണമെന്നും ആവശ്യമുയരുന്നു. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകുന്ന തുകയിലൊരു പങ്ക് വൈദ്യുതി ബോർഡിനും നൽകണമെന്നാണ് ആവശ്യം.

webdesk13: