X

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് ഏപ്രില്‍ മുതല്‍ യൂണിറ്റിന് 30 പൈസ വര്‍ധിച്ചേക്കും. പുതിയ നിരക്ക് റഗുലേറ്ററി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആനുപാതികമായി 60 രൂപമുതല്‍ 80 രൂപവരെ ദൈ്വമാസ വൈദ്യുതി ബില്‍ത്തുക വര്‍ധിപ്പിക്കും. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും.

നിലവിലെ നിരക്ക് യൂണിറ്റിന് 2.90 രൂപയാണ്. 2003ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതിനാല്‍ തല്‍ക്കാലം വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് വര്‍ധിപ്പിക്കാനിടയില്ല. നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും അന്തിമ ഉത്തരവിന് വിധേയമായി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക് ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിരത്തിലേറെ വീടുകളില്‍ 150 യൂണിറ്റുവരെ ഒന്നര രൂപക്ക് വൈദ്യുതി നല്‍കാനാണ് റഗുലേറ്ററി കമ്മിഷന്‍ ആലോചിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഇതു പരിഹരിക്കാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് ബോര്‍ഡ് കമ്മീഷന്‍ മുമ്പാകെ സ്വീകരിച്ച നിലപാട്. ജലനിധിയടക്കമുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ബാധകമാക്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

chandrika: