മസ്ജിദുന്നബവിക്കും മദീന വിമാനത്താവളത്തിനുമിടയില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. മദീന റീജിനല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും മദീന മുനിസിപ്പാലിറ്റിയും സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്‌റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്‍മാന്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍.ജി ഖാലിദ് സാലിഹ് അല്‍ ജാസര്‍, സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. പ്രത്യേക ട്രാക്കിലൂടെ സഞ്ചരിക്കുന്ന ബസ് ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ ദൂരം ഓടും. അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മസ്ജിദുന്നബവിക്കുമിടയില്‍ 38 കിലോമീറ്ററാണുള്ളത്. 18 ണിക്കൂറിനുള്ളില്‍ പ്രതിധിനം 16ലധികം ട്രിപ്പുകളാണ് നടത്തുക.
നൂതന എയര്‍ കണ്ടീഷനിങ് സംവിധാനം യാത്രയുടെ വിശദാംശങ്ങള്‍ കാണിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, പ്രത്യേക ആവശ്യങ്ങളുള്ള സേവനം നല്‍കുന്നതിന് പ്രത്യേക സീറ്റുകള്‍ എന്നിവ ഇലക്ട്രിക് ബസിന്റെ പ്രത്യേകതകളാണ്. ഗതാഗത പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ആധുനിക രീതികളിലും സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ 25 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്ന ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസ് ഇറക്കുന്നത്.