നാദാപുരം മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം തുടര്‍ക്കഥയാകുന്നു. നാദാപുരം ഇയ്യങ്കോട് കാപ്പാരോട്ട് മുക്കിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. ഈ മേഖലയില്‍ തുടര്‍ച്ചയായി ഇത്തരം സംഭവം നടക്കുമ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
നാദാപുരത്തെ പ്രവാസിയായ പൊയില്‍ സജീര്‍ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലാണ് ഏറ്റവും ഒടുവിലായി മോഷണം നടന്നത്. 40,000 രൂപയുടെ ഇലക്ട്രിക്കല്‍ വയറിങ് ഉപകരങ്ങളാണ് ഇവിടെ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയത്. 3,000 മീറ്റര്‍ വയറുകള്‍ ഉള്‍പ്പടെയാണ് മോഷ്ടാക്കള്‍ വീട്ടില്‍നിന്ന് കടത്തിയത്.
സംഭവത്തില്‍ വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്ത് പരിശോധന നടത്തി. രണ്ടാഴ്ച്ച മുന്‍പ് കല്ലാച്ചി, ജാതിയേരി ഭാഗങ്ങളില്‍ നിര്‍മാണത്തിലിരുന്ന 6 വീടുകളില്‍ മോഷണം നടന്നിരുന്നു. ഈ വീടുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക്കല്‍ സാമഗ്രികള്‍ മോഷ്ടിക്കപ്പെട്ടത്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടയിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. മോഷണം നടന്ന വീടുകളില്‍ വിരലടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ച്ചയായ മോഷണങ്ങളെ തുടര്‍ന്ന് നിര്‍മാണം നടക്കുന്ന വീടുകളില്‍ രാത്രികാലങ്ങളില്‍ വീട്ടുകാരും കുടുംബാംഗങ്ങളും കാവല്‍ നില്‍ക്കുന്നുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചില്ലെന്നാണ് വിവരം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ മൊബൈല്‍ ഫോണ്‍ ടവറുകളില്‍നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.